ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രഥമ അക്ഷരപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
1423096
Friday, May 17, 2024 6:45 AM IST
കൽപ്പറ്റ: ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിന്റെ വിവിധ വിഭാഗങ്ങളിലെ മികച്ച പുസ്തകങ്ങൾക്ക് അംഗീകാരം നൽകുന്നതിനും ജില്ല ലൈബ്രറി കൗണ്‍സിൽ ഏർപ്പെടുത്തിയ വയനാട് അക്ഷരപുരസ്കാരത്തിന്റെ പ്രഥമ ജേതാക്കളെ പ്രഖ്യാപിച്ചു.
ചലച്ചിത്രകാരനും ചരിത്രകാരനും മാധ്യമ-സാംസ്കാരിക പ്രവർത്തകനുമായ ഒ.കെ. ജോണിക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ടി.ബി. സുരേഷ്, വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി, സെക്രട്ടറി പി.കെ. സുധീർ, ജോയിന്റ് സെക്രട്ടറി പി.കെ. ബാബുരാജ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.എം. സുരേഷ്, ജില്ലാ ലൈബ്രറി ഓഫീസർ പി. മുസ്തഫ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മികച്ച നോവലിനുള്ള പുരസ്കാരത്തിനു ’നമ്മുടെ കിടക്ക ആകെ പച്ച’ എന്ന നോവൽ രചിച്ച അർഷാദ് ബത്തേരിയെയും മികച്ച കവിതയ്ക്കുള്ള പുരസ്കാരത്തിനു ’ഭൂമിക്കുമെനിക്കുമിടയിലെ രഹസ്യങ്ങൾ’ എന്ന കവിത രചിച്ച സി.പി. സുജിതയെയും(മാനന്തവാടി)തെരഞ്ഞെടുത്തു. കൽപ്പറ്റ എമിലിയിലെ കെ. ബാലിനാണ് മികച്ച കഥയ്ക്കുള്ള പുരസ്കാരം.
"ട്രയൽ നം.115’ എന്ന കഥയാണ് പുരസ്കാരത്തിനു അർഹനാക്കിയത്. വൈജ്ഞാനിക മേഖലയിലെ പുരസ്കാരത്തിനു "വയനാടൻ ഗ്രാമങ്ങൾ’ എന്ന കൃതി രചിച്ച ബാവ കെ. പാലുകുന്നിനെ തെരഞ്ഞെടുത്തു.
മികച്ച ഗ്രന്ഥശാലകൾക്കും ലൈബ്രേറിയൻമാർക്കുമുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. സുൽത്താൻ ബത്തേരി താലൂക്കിലെ കണ്ണങ്കോട് നവോദയ ഗ്രന്ഥശാലയ്ക്കാണ് ജില്ലയിൽ കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം നടത്തിയതിനു പി. പോക്കർ മാസ്റ്റർ സ്മാരക പുരസ്കാരം.
മാനന്തവാടി താലൂക്കുതലത്തിൽ ഇ.കെ. മാധവൻനായർ സ്മാരക പുരസ്കാരം ഒഴുക്കൻമൂല സർഗ ഗ്രന്ഥാലയയത്തിനും വൈത്തിരി താലൂക്കുതലത്തിൽ കെ. കുഞ്ഞീദ് സ്മാരക പുരസ്കാരം കൈനാട്ടി പദ്മപ്രഭ ഗ്രന്ഥാലയത്തിനുമാണ്. ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള എം. ബാലഗോപാലൻ സ്മാരക പുരസ്കാരത്തിന് എം. നാരായണൻ(പബ്ലിക് ലൈബ്രറി,വെള്ളമുണ്ട)അർഹനായി.
ബത്തേരി താലൂക്കുതലത്തിൽ കെ.എസ്. ടെന്നിസണ്‍ മാസ്റ്റർ സ്മാരക പുരസ്കാരം കേണിച്ചിറ യുവപ്രതിഭ ഗ്രാന്ഥാലയത്തിലെ എം.പി. മുരളീധരനും മാനന്തവാടി താലൂക്കുതലത്തിൽ ഇ.എം. ശങ്കരൻ മാസ്റ്റർ സ്മാരക പുരസ്കാരം വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിലെ എം. നാരായണനും വൈത്തിരി താലൂക്കുതലത്തിൽ പി. അമ്മദ് സ്മാരക പുരസ്കാരം മാണ്ടാട് ഗ്രാമോദയം ക്ലബിലെ പി.എം. എൽദോയ്ക്കുമാണ്.
25ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബത്തേരി മുനിസിപ്പൽ ടൗണ്‍ ഹാളിൽ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ പുരസ്കാര സമർപ്പണം നടത്തും. 10,000 രൂപയും ശിൽപവും അടങ്ങുന്നതാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.