ഗതാഗത കുരുക്കിൽ സുൽത്താൻ ബത്തേരി
1424013
Tuesday, May 21, 2024 7:37 AM IST
സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തിലെ മാനിക്കുനി മുതൽ മൈസൂർ റോഡ് കോട്ടക്കുന്ന് ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ.
കഴിഞ്ഞ മൂന്നാഴ്ചയായി ഇതേ അവസ്ഥയാണ് ബത്തേരി പട്ടണത്തിൽ. ഗാന്ധിജംഗ്ഷൻ വണ്‍വേ റോഡ് കൽവെർട്ട് നിർമാണത്തിന്റെ ഭാഗമായി അടച്ചതാണ് ഹൈവേയിൽ ഗതാഗത കുരുക്ക് അതിരൂക്ഷമാകൻ കാരണം. പട്ടണവുമായി ബന്ധപ്പെട്ട് ഹൈവേയോട് ചേർന്ന് കിടക്കുന്ന പോക്കറ്റ് റോഡുകളിലെല്ലാം വാഹന കുരുക്ക് രൂക്ഷമാണ്.
ഗതാഗത നിയന്ത്രണത്തിനായി നിലവിലുള്ള ട്രാഫിക് പോലീസിന് പുറമെ അധിക പോലീസിനെ ഡ്യൂട്ടിക്കായി വച്ചിട്ടുണ്ടെങ്കിലും ട്രാഫിക് കുരുക്കിന്റെ ദൈർഘ്യം കാര്യമായി കുറക്കാനാവുന്നില്ല. കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിലാണ് ഗാന്ധിജംഗ്ഷനിലെ റോഡിന്റെ ഒരു ഭാഗത്തെ ഡ്രെെനേജും കൽവെർട്ടും പൊളിച്ചു നീക്കിയത്.
മറുഭാഗത്തുകൂടെ വാഹനം കടത്തിവിട്ടുകൊണ്ടായിരുന്നു നിർമാണം. കൽവെർട്ട് നിർമാണം പൂർത്തീകരിച്ചതോടെ വാഹന ഗതാഗതം അനുവദിച്ചു. ഈ മാസം വണ്‍വേ റോഡിലേയ്ക്ക് തിരിയുന്ന ഭാഗം നിർമാണത്തിന്റെ ഭാഗമായി പൊളിച്ചതോടെയാണ് വണ്‍വേ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ എല്ലാ വാഹനങ്ങളും ദേശീയപാത വഴി മാത്രമായി സഞ്ചാരം. ഇതോടെ മണിക്കൂറുകളോളം വാഹനഗതാഗതം തടസപ്പെടാനും തുടങ്ങി. കൽവെർട്ട് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി വാഹനഗതാഗതത്തിനായി തുറന്ന് നൽകാത്തത് നഗരസഭ ഭരണസമിതിയുടെ പിടിപ്പ് കേടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
എന്നാൽ കോണ്‍ക്രീറ്റ് കഴിഞ്ഞ ഭാഗത്തുകൂടെ വാഹനത്തെ കടത്തിവിടുന്നതിന് 22 ദിവസമെങ്കിലും വേണമെന്നാണ് അധികൃതരുടെ ഭാഷ്യം.