നടവഴി തകർത്തെന്നു പരാതി
1424083
Tuesday, May 21, 2024 11:18 PM IST
മാന്നാർ: നിർമാണത്തിലിരുന്ന ഓട സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. ചെന്നിത്തല പഞ്ചായത്ത് ഏഴാം വാർഡിൽ കാരാഴ്മ കിഴക്ക് പതിയാന്റെ തെക്കേതിൽ ശ്രീനന്ദനയിൽ ശാന്തമ്മയുടെ (80) വീട്ടിലേക്കുളള വഴിയുടെ ഭാഗത്ത് നിർമിക്കുന്ന ഓടയാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ഇതുസംബസിച്ച് മാന്നാർ പോലീസിൽ പരാതി നൽകി. വിധവയായ ശാന്തമ്മയ്ക്ക് പ്ലാമൂട്ടിൽ കുര്യൻ വർഗീസ് സൗജന്യമായി നൽകിയ ഭൂമിയിൽ ലൈഫ് പദ്ധതിയിൽ നിർമിച്ച വീട്ടിൽ മകളും അർബുദ രോഗിയും വിധവയുമായ അനുജയും (60) ഒന്നിച്ചാണ് താമസം.
ഈ കുടുംബത്തിന് സഞ്ചരിക്കാൻ വഴിയില്ലാത്തതിനാൽ കുര്യൻ വർഗീസ് തന്റെ പാടശേഖരത്തിന് അരികിലായായി ഓട നിർമിച്ച് വഴി നൽകിയിരുന്നു. എന്നാൽ, ഓടയുടെ നിർമാണം നടക്കുന്നതിനിടെ കഴിഞ്ഞദിവസം മദ്യപിച്ചെത്തിയ ഒരു സംഘമാളുകൾ കോൺക്രീറ്റ് ചെയ്ത ഓട തകർത്ത് കല്ലുകൾ പൊളിച്ചുനീക്കി പലകകളും മറ്റുസാധന സാമഗ്രഹികളെല്ലാം നശിപ്പിച്ചെന്ന് പരാതിയിൽ പറയു ന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.