തോൽപ്പെട്ടിയിൽ വാഹനാപകട പരന്പര
1423439
Sunday, May 19, 2024 5:46 AM IST
മാനന്തവാടി: തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം ലോറികൾ നിയന്ത്രണം വിട്ടു റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. മൈസൂരിൽ നിന്നും പച്ചക്കറി കയറ്റി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയും മിനിലോറിയുമാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
മുന്നിൽ പോയ ലോറി ആദ്യം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഈ ലോറിയുടെ പുറകിലായുണ്ടായിരുന്ന ലോറിയും സമാന രീതിയിൽ മറിഞ്ഞതായാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ഒരു കാറും അപകടത്തിൽപ്പെട്ടിരുന്നു.
ചെറിയ ഇറക്കത്തോടെയുള്ള വളവും ഇടുങ്ങിയ പാലവും ആവശ്യത്തിന് മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാതിരുന്നതുമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.