‘വി.ജി. വിജയൻ ജനപക്ഷത്ത് നിന്ന് വാർത്ത ചെയ്ത മാധ്യമപ്രവർത്തകൻ’
1424011
Tuesday, May 21, 2024 7:37 AM IST
കൽപ്പറ്റ: വയനാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ജനയുഗം റസിഡന്റ് എഡിറ്ററുമായിരുന്ന വി.ജി വിജയനെ വയനാട് പ്രസ് ക്ലബ് അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ ഏഴാമാത് ചരമവാർഷികത്തോട് അനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മനുഷ്യപക്ഷത്ത് നിന്ന് വാർത്തകളെ കൈകാര്യം ചെയ്ത മാധ്യമപ്രവർത്തകനായിരുന്നു വി.ജി. വിജയനെന്ന് അദ്ദേഹം അനുസ്മരിച്ചു.
പതറാത്ത ആത്മവിശ്വാസത്തിന്റെയും തളരാത്ത ഊർജ്ജസ്വലതയുടെയും പ്രതീകമായിരുന്നു വിജയനെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ സാഹിത്യകാരൻ ഒ.കെ. ജോണി അനുസ്മരണ പ്രഭാഷണം നടത്തി.
കെ. ജയചന്ദ്രനൊപ്പം വയനാട്ടിൽ മാധ്യമ പ്രവർത്തനം നടത്തിയ വി.ജി. വിജയൻ തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ ഒരിക്കലും വാർത്തകളിൽ കൊണ്ടുവരാത്ത മാധ്യമ പ്രവർത്തകനായിരുന്നു. ജനകീയ പക്ഷപാതിത്വവും തൊഴിലിനോടുള്ള സത്യസന്ധതയും പുലർത്തിയ അദ്ദേഹം വൈവിധ്യങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും അംഗീകരിക്കാനുള്ള സഹിഷ്ണുതയും കൊണ്ട് പത്രപ്രവർത്തനത്തെ ജനകീയവൽക്കരിച്ച മികച്ച ജേർണലിസ്റ്റായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകരായ പ്രദീപ് മാനന്തവാടി, എം.കെ. രാംദാസ്, കൃഷ്ണകുമാർ, ടി.എം. ജയിംസ്, വി.ജി. വിജയന്റെ ഭാര്യ വനജ, എം. പുഷ്കരാക്ഷൻ, ജോഷി ബത്തേരി, എൻ. രാമാനുജൻ, കെ.എസ്. മുസ്തഫ, പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ. അബ്ദുല്ല, ട്രഷറർ ജോമോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.