വന്യമൃഗശല്യം: കേരള കോണ്ഗ്രസ്-ബി കേന്ദ്ര മന്ത്രാലയത്തിനു നിവേദനം നൽകും
1423434
Sunday, May 19, 2024 5:46 AM IST
കൽപ്പറ്റ: വയനാട്ടിലെ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ്-ബി ജില്ലാ ഘടകം മന്ത്രി കെ.ബി. ഗണേഷ്കുമാർ മുഖേന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നൽകും.
ഇതിനു മുന്നോടിയായി ജില്ലയിൽ പ്രചാരണ വാഹനജാഥയും ഒപ്പുശേഖരണവും നടത്തുമെന്ന് പ്രസിഡന്റ് സണ്ണി മാത്യു, സംസ്ഥാന സെക്രട്ടറി കെ. ഭഗീരഥൻ പിള്ള, കൽപ്പറ്റ നിയോജകമണ്ഡലം സെക്രട്ടറി കെ. ദാസ്, ജില്ലാ കമ്മിറ്റിയംഗം സുരേഷ് ചെറുപറന്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രചാരണ ജാഥ ഉദ്ഘാടനം 21ന് രാവിലെ 10.30ന് വൈത്തിരിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെന്പേരി നിർവഹിക്കും. സമാപന സമ്മേളനം 24ന് വൈകുന്നേരം കൽപ്പറ്റയിൽ സംസ്ഥാന സെക്രട്ടറി ലിജോ ജോസഫ് ഉദ്ഘാടനം ചെയ്യും. ജാഥ ജില്ലയിലെ മൂന്നു താലൂക്കുകളിലുമായി 40 കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ഓരോ കേന്ദ്രത്തിലും ഒപ്പുശേഖരണം ഉണ്ടാകും. നിവേദനം ജൂലൈ ആദ്യവാരം കേന്ദ്ര മന്ത്രാലയത്തിനു ലഭ്യമാക്കും.
കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പൊളിച്ചെഴുതണം. കാടിനും വന്യജീവികൾക്കും മാത്രമല്ല, മനുഷ്യർക്കും ജീവനോപാധികൾക്കും സംരക്ഷണം ഉറപ്പുവരുത്തുന്നതാകണം നിയമം. വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്കുള്ള പരിഹാരധനം വർധിപ്പിക്കണം. കാടിനെ പൂർണമായും അധിനിവേശസസ്യമുക്തമാക്കിയും നൈസർഗിക വനവത്കരണം നടത്തിയും വന്യജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തണം.
ജനവാസകേന്ദ്രങ്ങളിൽ നിരന്തരം ശല്യം ചെയ്യുന്ന കാട്ടുപന്നി, കുരങ്ങ്, മരപ്പെട്ടി തുടങ്ങിയ ജീവികളെ ഷെഡ്യൂൾ ഒന്നിൽനിന്നു നീക്കം ചെയ്യണം.
വന്യജീവികളിൽനിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ ഉറപ്പുവരുത്തുന്നതിൽ ഇടപെടുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്നതിനു പാർട്ടി ജില്ലാ ഘടകം നീക്കം നടത്തിവരികയാണെന്നും നേതാക്കൾ പറഞ്ഞു.