പെട്ടിക്കടയിൽ നിന്ന് മോഷണം: മോഷ്ടാവിനെ പിടികൂടി
1423093
Friday, May 17, 2024 6:44 AM IST
സുൽത്താൻ ബത്തേരി: പെട്ടിക്കടയുടെ പൂട്ട് പൊട്ടിച്ച് അര ലക്ഷത്തോളം രൂപയുടെ സാദനങ്ങളും 7000 രൂപയും കവർന്ന് മുങ്ങിയ മോഷ്ടാവിനെ ബത്തേരി പോലീസ് പിടികൂടി. കോഴിക്കോട്, താമരശേരി, തൊമ്മൻവളപ്പിൽ വീട്ടിൽ റഫീക്ക് എന്ന പി. ഹംസ(42)യെയാണ് പിടികൂടിയത്. ബത്തേരി, ചീരാൽ റോഡിൽ പുതിയ സ്റ്റാന്റിന് സമീപമുള്ള പെട്ടിക്കടയിലാണ് മോഷണം നടന്നത്.
50,000 രൂപയോളം വരുന്ന സിഗററ്റ് പാക്കറ്റുകളും പെട്ടിയിൽ സൂക്ഷിച്ച 7,000 രൂപയുമാണ് കവർന്നത്. പരാതി ലഭിച്ചയുടൻ ഫിംഗർപ്രിന്റിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, പ്രതിയുടെ വിവരങ്ങൾ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും അയച്ചുകൊടുത്തിരുന്നു.
അതിൽ പ്രകാരം കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ കോഴിക്കോട് കസബ പോലീസ് കസ്റ്റഡിയിലെടുത്താണ് ബത്തേരി പോലീസിന് കൈമാറിയത്. ഇയാൾ ചെറുപ്പളശേരി സ്റ്റേഷനിലും മോഷണ കേസിൽ പ്രതിയാണ്.