പുതിയ ആനത്താര പ്രഖ്യാപനം സർക്കാർ ഉപേക്ഷിക്കണമെന്ന്
1423435
Sunday, May 19, 2024 5:46 AM IST
ഗൂഡല്ലൂർ: പുതിയ ആനത്താര പ്രഖ്യാപനം സർക്കാർ ഉപേക്ഷിക്കണമെന്ന് ഡിഎംകെ മുന്നണി നേതാക്കൾ ഗൂഡല്ലൂർ ആർഡിഒ ശെന്തിൽകുമാറിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗൂഡല്ലൂർ നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന പദ്ധതിയാണിത്.
ആനത്താര വിപുലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം. ഇത് സാധാരണക്കാരായ കർഷകരെ ബാധിക്കും. ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണം. നിലവിൽ പ്രഖ്യാപിച്ച ഈ ആനത്താര നടപ്പിലാക്കരുത്. ജനങ്ങൾ കടുത്ത ആശങ്കയിലാണ്. അവരുടെ ആശങ്ക അകറ്റണം. പുതിയ ആനത്താര പ്രഖ്യാപനം ഇവിടുത്തെ ജനങ്ങളുടെ ജീവിതം ഒന്ന് കൂടി ദുരിത പൂർണമാക്കും.
അതുകൊണ്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെ, കോണ്ഗ്രസ്, സിപിഎം, സിപിഐ, വിടുതലൈ ശിറുതൈ, എംഡിഎംകെ, മുസ്ലിം ലീഗ്, മക്കൾ നീതി മയ്യം തുടങ്ങിയ പാർട്ടികളുടെ നേതാക്കളായ അഡ്വ. എം. ദ്രാവിഡമണി, എ. ലിയാക്കത്തലി, ഇളഞ്ചഴിയൻ, എൻ. വാസു, കെ. ഹംസ, എ. മുഹമ്മദ് ഗനി, കെ. സഹദേവൻ, ഭുവനേശ്വരൻ, അബ്ദുന്നാസർ ഹാജി, ബാബു, ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് ഡിഎംകെ മുന്നണി നേതാക്കൾ തമിഴ്നാട് വനം മന്ത്രി, ടൂറിസം മന്ത്രി, നീലഗിരി എംപി, ജില്ലാ കളക്ടർ, ഡിഎഫ്ഒ, ഡിഎംകെ ജില്ലാ സെക്രട്ടറി എന്നിവരെ കണ്ട് ആശങ്കകൾ അറിയിക്കുകയും പുതിയ ആനത്താര പ്രഖ്യാപനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളെ ബാധിക്കില്ലെന്നും പ്രശ്നത്തിന് പരിഹാരം കാണുമെന്നും ഇവർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുന്നണി നേതാക്കൾ പറഞ്ഞു.