വന്യജീവി ആക്രമണം:ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ
1424015
Tuesday, May 21, 2024 7:37 AM IST
കൽപ്പറ്റ: ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പട്ട് സ്വീകരിച്ച നടപടികൾ, പദ്ധതികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് എന്നിവ 28നകം നൽകാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിലാണ് ജില്ലാ കളക്ടർ, ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ജില്ലാ ഫോറസ്റ്റ് ഓഫീസർ എന്നിവരോട് കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ. റഷീദ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്ത് ഫെബ്രുവരി 27ന് നടന്ന സിറ്റിംഗിൽ നൽകിയ റിപ്പോർട്ട് ഭാഗികമായതിനെ തുടർന്നാണ് ജില്ലാതല സിറ്റിംഗിലേക്ക് പരിഗണിച്ചത്.
ജില്ലാതല സിറ്റിംഗിൽ പരാതി തീർപ്പാകാത്ത സാഹചര്യത്തിലാണ് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പദ്ധതികൾ, നടപ്പാക്കിയവ, തുക വിനിയോഗം, വനം വകുപ്പ് ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കമ്മീഷൻ ആവശ്യപ്പെട്ടത്. കമ്മീഷന് ലഭിച്ച റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കമ്മീഷൻ വിമർശിച്ചു. വിദേശ പഠനത്തിന് വായ്പയ്ക്കായി ധനകാര്യ വികസന കോർപ്പറേഷനിൽ അപേക്ഷ നൽകിയ ബത്തേരി കൈപ്പഞ്ചേരി സ്വദേശിനിയുടെ അപേക്ഷയിൽ രണ്ട് മാസത്തിനകം തീരുമാനമെടുത്ത് നടപ്പാക്കി കമ്മീഷനെ അറിയിക്കണമെന്ന് ചെയർമാൻ ഉത്തരവിട്ടു.
കണിയാന്പറ്റ വില്ലേജ് ഓഫീസിൽ കരം സ്വീകരിക്കുന്നില്ലെന്ന അൽ ഇർഷാദ് ചാരിറ്റബിൾ സൊസൈറ്റി അധികൃതരുടെ പരാതിയിൽ വഖഫ് ബോർഡിന്റെ പരിഗണനയിലുള്ള കേസിൽ വിധി വന്നതിനുശേഷം നടപടി സ്വീകരിക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കി.
ചാരിറ്റബിൾ സൊസൈറ്റിക്ക് ദാനം നൽകിയ സ്ഥലം പിന്നീട് അതേ വ്യക്തി സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. കേസ് ട്രൈബൂണലിന്റെ പരിഗണനയിൽ ഉള്ളതിനാൽ കേസിന്റെ വിധി വന്നാൽ കരം സ്വീകരിക്കാൻ വില്ലേജ് ഓഫീസർ തയാറാണെന്നും കമ്മീഷൻ അറിയിച്ചു. സിറ്റിംഗിൽ പരിഗണിച്ച അഞ്ച് പരാതികളിൽ രണ്ടെണ്ണം തീർപ്പാക്കി. മൂന്ന് കേസ് അടുത്ത സിറ്റിംഗിലേക്ക് മാറ്റി.