എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ
1424004
Tuesday, May 21, 2024 7:37 AM IST
കൽപ്പറ്റ: ജില്ലയിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ എലിപ്പനിക്കെതിരേ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ് അറിയിച്ചു.
എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ എന്നിവയുടെ വിസർജ്ജ്യങ്ങൾ കലർന്ന ജലവുമായി സന്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരം, വെള്ളം ഉപയോഗിക്കുന്നതും എലിപ്പനിക്ക് കാരണമാകും. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ ഇറങ്ങുക, കളിക്കുക, കുളിക്കുക, കൈ കാലുകൾ മുഖം എന്നിവ കഴുകരുത്.
കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ജോലിചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ, കെട്ടിട നിർമാണതൊഴിലുറപ്പ് ശുചീകരണ തൊഴിലാളികൾ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഡോക്സിസൈക്ലിൻ പ്രതിരോധ മരുന്ന് കഴിക്കണം. പ്രതിരോധ മരുന്ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും.
രോഗ സാധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ കയ്യുറ, കാലുറ ധരിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ സംസ്ക്കരിക്കണം. പഴങ്ങൾ, പച്ചക്കറികൾ ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കണം. അവിൽ പോലുള്ള ഭക്ഷണ പദാർഥങ്ങൾ വൃത്തിയുള്ള സാഹചര്യത്തിൽ തയ്യാറാക്കി മാത്രം ഉപയോഗിക്കുക. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം.
കച്ചവടക്കാർ ശീതള പാനീയ കുപ്പികൾ, പാക്കറ്റുകൾ, കുടിവെള്ള കുപ്പികൾ, മറ്റ് ഭക്ഷണ പാക്കറ്റുകൾ വൃത്തിയായി സൂക്ഷിച്ച് വിൽപന നടത്തണം.