തിരുവനന്തപുരം: ശബരിമലയില്‍ എന്‍എസ്എസ് എടുത്ത നിലപാടിനോട് യോജിപ്പാണെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടു. എന്‍എസ്എസ് ഇനി സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല. ഇത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ല. വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങളില്‍ പിന്തുണ നൽകുന്നത്. ശബരിമല വിഷയത്തില്‍ ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീ പ്രവേശനം പാടില്ലെന്നുമുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അത് തന്നെയാണ് തങ്ങളുടേയും നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞത് ശരിയാണ്. ആചാരകാര്യങ്ങളിലാണ് എന്‍എസ്എസ് സര്‍ക്കാരിനെ എതിർത്തത്. സുകുമാരൻ നായർ പറഞ്ഞത് ശരിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൽഡിഎഫ് സർക്കാരിനെ പൂർണമായും വിശ്വസിക്കുന്നുവെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയത്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. സര്‍ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്നും ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിര്‍ത്തി പോകണം, അതാണ് എന്‍എസ്എസിന്റെ ആവശ്യമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
വിശ്വാസപ്രശ്നത്തിൽ കോൺഗ്രസിന്റേത് കള്ളക്കളിയാണ്. കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags : Sabarimala NSS SNDP Vellappally Natesan