സഹോദരിയുമായുള്ള സ്വത്തുതര്‍ക്ക കേസ് ; മന്ത്രി ഗണേഷ്കുമാറിന് അനുകൂലമായി ഫോറന്‍സിക് റിപ്പോര്‍ട്ട്
Sunday, January 19, 2025 2:01 AM IST
കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറും സഹോദരി ഉഷ മോഹന്‍ദാസും തമ്മിലുണ്ടായിരുന്ന സ്വത്തുതര്ക്കക്കേസില് ഗണേഷിന് അനുകൂലമായി ഫോറന്‍സിക് റിപ്പോര്‍ട്ട്.
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാനുമായിരുന്ന പിതാവ് ആര്. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന ഉഷയുടെ വാദങ്ങള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി.
ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വില്‍പ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഉഷ കോടതിയെ സമീപിക്കുകയായിരുന്നു. ബാലകൃഷ്ണപിള്ളയുടെ അവസാന കാലങ്ങളില്‍ ആരോഗ്യം വളരെ മോശമായിരുന്നു. ആ സമയത്ത് ഗണേഷ് കുമാര്‍ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തു എന്നായിരുന്നു ഉഷയുടെ പരാതിയും ആരോപണവും.
ആര്. ബാലകൃഷ്ണപിള്ളയുടെ മരണശേഷമാണ് വില്‍പ്പത്രം പുറത്തെടുത്തത്. സ്വത്തുക്കള്‍ കൂടുതലും ഗണേഷ് കുമാറിനാണെന്ന് രേഖപ്പെടുത്തിയതോടെയാണ് സഹോദരി പരസ്യ എതിര്‍പ്പുമായി രംഗത്തെത്തിയത്. അസുഖബാധിതനായി ബോധമില്ലാത്ത സമയത്തുണ്ടാക്കിയതാണ് വില്പത്രം എന്നായിരുന്നു അവരുടെ ആരോപണം. സമവായത്തിന് ശ്രമം നടന്നെങ്കിലും നടന്നില്ല.
തുടര്‍ന്നാണ് ഉഷ മോഹന്‍ദാസ് കോടതിയെ സമീപിച്ചത്. കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പ്പത്രത്തിലെ ഒപ്പുകള്‍ പരിശോധനയ്ക്കായി സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയത്.
പരിശോധനയ്ക്കുശേഷം കഴിഞ്ഞ ദിവസം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഒപ്പുകളെല്ലാം ആര്. ബാലകൃഷ്ണപിള്ളയുടേതാണെന്ന് കണ്ടെത്തിയത്.
ബാങ്കിടപാടുകളില്‍ നടത്തിയ ഒപ്പുകള്‍, കേരള മുന്നാക്ക ക്ഷേമ കോര്‍പറേഷനില്‍ ചെയര്മാന് ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകള്‍, തെരഞ്ഞെടുപ്പുകള്‍ക്ക് നോമിനേഷന് നല്കിയപ്പോഴുള്ള ഒപ്പുകള്‍ എന്നിവ ഫോറന്‍സിക് ഉദ്യോഗസ്ഥ സംഘം പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ചെയ്യാത്ത തെറ്റിനു വിചാരണയില്ലാതെ ശിക്ഷ അനുഭവിച്ചു: മന്ത്രി ഗണേഷ് കുമാര്‍
കൊല്ലം: സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷവും ആശ്വാസവുമുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ചെയ്യാത്ത തെറ്റിന് ആരോപണം നേരിട്ട്, വിചാരണയില്ലാതെ ശിക്ഷ അനുഭവിച്ചു.
സത്യം ഇഴയുമ്പോള്‍ അസത്യം പാഞ്ഞുപോകും. ജീവിതത്തില്‍ കൃത്രിമം കാണിച്ചിട്ടില്ല, സിനിമയിലും രാഷ്ട്രീയത്തിലും കൃത്രിമം കാട്ടി വളരാന്‍ ശ്രമിച്ചിട്ടുമില്ല. ഇതിലൂടെ താത്കാലികമായി മാത്രം തന്നെ അധിക്ഷേപിക്കാനായി. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നേരത്തേ ഉണ്ടായിരുന്നു. കോടതി ഉത്തരവ് വരുന്നതനുസരിച്ച് കൂടുതല്‍ വിശദീകരിക്കും. മാധ്യമങ്ങളെപ്പോലും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
പൊതുജനമധ്യത്തിലേക്ക് കുടുംബകാര്യങ്ങള്‍ വലിച്ചിഴയ്ക്കേണ്ടിയിരുന്നോ എന്ന് പ്രശ്നമുണ്ടാക്കിയവര്‍ പരിശോധിക്കണം. പിതാവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി സുപ്രീംകോടതിയില്‍ പോയി അപമാനിതരായത് നേരത്തെയും കണ്ടതാണ്. കേസ് കാരണം മന്ത്രിസ്ഥാനം വൈകിയതില്‍ വിഷമമില്ലെന്നും ഗണേഷ് വ്യക്തമാക്കി.