ആദരവ് കിട്ടാൻ നല്ലത് മരിക്കുന്നത്: സി.കെ. പദ്മനാഭൻ
Sunday, January 19, 2025 2:01 AM IST
കണ്ണൂർ: ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്ന് പി.പി. മുകുന്ദൻ അനുസ്മരണങ്ങൾ കാണുമ്പോൾ തോന്നുന്നതായി ബിജെപി ദേശീയ സമിതിയംഗം സി.കെ. പദ്മനാഭൻ.പി.പി. മുകുന്ദൻ ജീവിച്ചിരുന്നപ്പോൾ കിട്ടിയതിനേക്കാൾ ആദരവ് മരണശേഷമാണു കിട്ടിയത്.
അതു കാണുമ്പോഴാണ് മരിക്കുന്നതാണു നല്ലതെന്ന് തോന്നുന്നത്. താൻ ഒഴിഞ്ഞപ്പോൾ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പി.പി. മുകുന്ദനായിരുന്നു എത്തേണ്ടിയിരുന്നത്. സംഘടനാ പ്രവർത്തനം വളരെ താറുമാറായി കിടക്കുന്ന ഒരു സന്ദർഭത്തിലാണ് മുകുന്ദൻ സംഘടനാശക്തി എന്ന നിലയിൽ കടന്നുവരുന്നത്.
കുത്തഴിഞ്ഞു കിടന്നിരുന്ന സംഘടനാ സംവിധാനത്തെ അടുക്കും ചിട്ടയോടും കൂടി കൊണ്ടുപോകുന്നതിനുള്ള വളരെ സമർഥമായ പ്രവർത്തനങ്ങളോടെ പി.പി. മുകുന്ദൻ മുന്നോട്ടുപോയി. അദ്ദേഹം എനിക്കുശേഷം ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി വരേണ്ടയാളാണെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും സി.കെ. പദ്മനാഭൻ പറഞ്ഞു.
പ്രചാരകൻ എന്ന നിലയിൽ അതിനൊരു പരിമിതിയുണ്ടായിരുന്നു. അങ്ങനെ വരണമെങ്കിൽ സംഘത്തിന്റെ അനുമതി വേണം. പരിമിതികളുടെ ഫലമായി അദ്ദേഹത്തിന് മാനസികമായ വേദനയുമുണ്ടായിരുന്നു.
അങ്ങനെ അദ്ദേഹം സംസ്ഥാന അധ്യക്ഷനായി വന്നിരുന്നുവെങ്കിൽ ബിജെപിയുടെ വളർച്ച ഇന്നത്തേക്കാൾ എത്രയോ ഇരട്ടി മുന്നോട്ട് കുതിക്കുമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.