സിപിഎം കൗൺസിലറെ നേതാക്കൾ തട്ടിക്കൊണ്ടുപോയി; ഒടുവിൽ നാടകീയ മോചനം
Sunday, January 19, 2025 2:01 AM IST
കുത്താട്ടുകുളം: അവിശ്വാസചർച്ച നടക്കാനിരിക്കെ കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ. ചർച്ചയിൽ പങ്കെടുക്കാനെത്തിയ സിപിഎം കൗൺസിലർ കലാ രാജുവിനെ സിപിഎമുകാർ തന്നെ തട്ടിക്കൊണ്ടുപോയി.
യുഡിഎഫ് അംഗങ്ങളുടെ വാഹനത്തിലെത്തിയ എൽഡിഎഫ് കൗൺസിലർ കലാ രാജുവിനെ സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് ബലമായി നഗരസഭാ ചെയർപേഴ്സന്റെ വാഹനത്തിൽ പോലീസ് നോക്കിനിൽക്കെ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു നാടകീയ സംഭവങ്ങൾ. 24 ഡിവിഷനുകളുള്ള കൂത്താട്ടുകുളം നഗരസഭയിൽ 13 സിപിഎം അംഗങ്ങളും 11 യുഡിഎഫ് അംഗങ്ങളും ഒരു സ്വതന്ത്രാംഗവുമാണുള്ളത്. കുത്താട്ടുകുളം ഗവ. ആശുപത്രിയുടെ ഐസലേഷൻ വാർഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങളാണ് അവിശ്വാസം കൊണ്ടുവന്നത്.
എൽഡിഎഫിലെ 13 പേരും വിട്ടുനിൽക്കുമെന്നായിരുന്നു എൽഡിഎഫ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ, കുറച്ചു നാളുകളായി സിപിഎമ്മിൽനിന്ന് ഇടഞ്ഞുനിന്ന കലാ രാജു അവിശ്വാസത്തിൽ വോട്ട് ചെയ്യാനെത്തുമെന്ന് സൂചനകൾ ലഭിച്ചിരുന്നു. സൂചനകൾ ശരിവയ്ക്കും വിധം യുഡിഎഫ് നേതാക്കളുടെ വാഹനത്തിൽ കലാ രാജു നഗരസഭാ കാര്യാലയത്തിനു മുന്നിൽ എത്തി. തുടർന്നായിരുന്നു കടത്തിക്കൊണ്ടുപോകൽ.
കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്നത് സിപിഎം ഏരിയാ കമ്മറ്റി അംഗമായിരുന്നു. ഇവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് ആദ്യഘട്ടത്തിൽ വ്യക്തമായിരുന്നില്ല. സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇതിനിടെ, കലാ രാജുവിന്റെ മക്കൾ ലക്ഷ്മിയും ബാലുവും മാധ്യമങ്ങളിൽ വാർത്ത കണ്ട് അമ്മയെ കാണാനില്ലെന്നും തട്ടികൊണ്ടുപോയെന്നും കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
മണിക്കൂറുകൾക്കു ശേഷം ഇവർ കൂത്താട്ടുകുളം സ്റ്റേഷനിൽ എത്തിയും പരാതി നൽകുകയായിരുന്നു. അമ്മയ്ക്ക് സിപിഎമ്മിൽനിന്ന് ഭീഷണിയുണ്ടെന്ന് മക്കൾ പറഞ്ഞു. അമ്മയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇവർ പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു.
കലാ രാജുവിനും യുഡിഎഫ് അംഗങ്ങൾക്കും അവിശ്വാസചർച്ചാ യോഗത്തിൽ പങ്കെടുക്കാൻ മതിയായ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു. എന്നാൽ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു ഉൾപ്പെടുന്ന പോലീസ് സംഘം സുരക്ഷയൊരുക്കാതെ കലാ രാജുവിനെ തട്ടികൊണ്ടുപോകാനുള്ള സൗകര്യം ഒരുക്കി നൽകിയെന്നാണ് ആക്ഷേപം. ആക്ഷേപം ശരിവയ്ക്കും തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ വാഹനം തടഞ്ഞിടാനോ അവരെ രക്ഷപ്പെടുത്താനോ പോലീസ് ശ്രമിച്ചില്ല.
പരാതി നൽകിയിട്ടും ഇവരെ കണ്ടെത്താൻ പോലീസ് ശ്രമം നടത്തിയുമില്ല. മക്കൾ ഏരിയാ കമ്മറ്റി ഓഫീസിൽ എത്തി ക്ഷമ പറഞ്ഞാൽ അമ്മയെ കാണിക്കാമെന്ന് സിപിഎം നേതാക്കൾ അറിയിച്ചതായി പോലീസ് പറഞ്ഞതും ആക്ഷേപത്തിനിടയാക്കി.
മക്കൾ ഇതിന് തയാറാകാതെ സ്റ്റേഷനിൽ കുത്തിയിരുന്നു; ഒപ്പം യുഡിഎഫ് പ്രവർത്തകരും. സംഭവം കൈവിട്ടു എന്ന് തോന്നിയതോടെ സിപിഎം നേതാക്കൾ ഏരിയാ കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്ന കലാ രാജുവിനെ വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് കലാ രാജു കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. രാവിലെ ഉണ്ടായ സംഘർഷത്തിൽ കലാ രാജുവിന് പരിക്കേറ്റിരുന്നു.
ഇതിനിടെ സിപിഎം നേതാക്കൾ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിന്റെ നേതൃത്വത്തിൽ തങ്ങളുടെ വനിതാ നേതാക്കളെ യുഡിഎഫ് പ്രവർത്തകർ മർദിച്ചുവെന്ന് കാണിച്ച് പ്രതിഷേധ പ്രകടനം നടത്തി. കലാ രാജുവിനെ തട്ടികൊണ്ടു പോയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങളും പ്രതിഷേധ മാർച്ച് നടത്തി.
അനൂപ് ജേക്കബ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് റിയാസ്, നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, ജെയ്സൺ ജോസഫ്, എബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
വൈകുന്നേരം ഏഴോടെ മാത്യു കുഴൽനാടൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ കലാ രാജുവിനെ സന്ദർശിക്കുകയും ആശുപത്രിയിൽ ഇവർ സുരക്ഷിതയല്ല എന്ന് ചൂണ്ടിക്കാട്ടി എംഎൽഎയുടെ വാഹനത്തിൽ എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.