രാഹുല്‍ ഈശ്വറിനെതിരായ ഹണിറോസിന്റെ പരാതി കോടതി വഴി നല്‍കണമെന്ന് പോലീസ്
Sunday, January 19, 2025 2:01 AM IST
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരേ നടി കോടതി വഴി പരാതി നല്‍കണമെന്ന് കൊച്ചി സിറ്റി പോലീസ്. നിലവിലെ പരാതിയില്‍ പോലീസിന് കേസെടുക്കാന്‍ വകുപ്പുകളില്ലെന്നാണ് അന്വേഷണസംഘം ചൂട്ടിക്കാട്ടുന്നത്.
നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ പ്രതിയല്ലെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടയാതിരുന്ന കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. തൃശൂര്‍ സ്വദേശിയും രാഹുലിനെതിരേ പരാതി നല്‍കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വര്‍ തനിക്കെതിരേ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്റെ പരാതി. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു.
ഇതിനു ചുവടുപിടിച്ച് സമൂഹമാധ്യമങ്ങളില്‍ ഹണി റോസിനെതിരേ വ്യാപക പ്രചാരണമുണ്ടായി. ഇത് ചൂണ്ടിക്കാണിച്ചാണ് നടി നിയമനടപടിയുമായി മുന്നോട്ടു പോയത്. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമമെന്നും വലിയ ഗൂഢാലോചന ഇതിന്റെ ഭാഗമായുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് ഹണി റോസിന്റെ ആവശ്യം. രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളടക്കം പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.