വ്യത്യസ്ത രുചികളുമായി കസ്തുര്‍ബാ നഗര്‍ ഫുഡ് സ്ട്രീറ്റ്
Sunday, January 19, 2025 2:01 AM IST
കൊച്ചി: പനമ്പിള്ളി നഗറിനു സമീപം കസ്തുര്‍ബ നഗറില്‍ ജിസിഡിഎ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കേന്ദ്രഫണ്ട് സഹായത്തോടെ ജിസിഡിഎ, കൊച്ചി കോര്പറേഷന്, എന്‍എച്ച്എം, കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവ ചേര്‍ന്ന് സംയുക്തമായി ഒരുക്കുന്ന ഫുഡ് സ്ട്രീറ്റ് അടുത്തമാസം തുറക്കും.
മികച്ച ഭക്ഷണരീതികള്‍, ഗുണനിലവാരം, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മോഡേണൈസേഷന് ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമാണിത്.
20 ഔട്ട്ലെറ്റുകള്, ആവശ്യാനുസരണം ഇരിപ്പിടങ്ങള്‍, ശൗചാലയ സൗകര്യം, ഖരദ്രവമാലിന്യ സംസ്കരണ സംവിധാനം, പാര്‍ക്കിംഗ്, വിനോദ പരിപാടികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ മികച്ച സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഫുഡ് സ്ട്രീറ്റ്. പദ്ധതിയുടെ അന്തിമ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
ഫുഡ് സ്ട്രീറ്റുകളില്‍ നിന്നു ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും സുരക്ഷിതത്വവും നിരന്തര മേല്‍നോട്ടത്തിലൂടെ ഉറപ്പുവരുത്തുന്നതിന് പദ്ധതി വഴിയൊരുക്കും.
ലോകത്തിലെ വ്യത്യസ്ത രുചികള്‍ മികച്ച ഗുണനിലവാരത്തോടെ ഒരു കുടക്കീഴില് ഭക്ഷണത്തെരുവായി സജ്ജീകരിക്കുന്നതാണ് പദ്ധതി. ഇതു യാഥാര്‍ഥ്യമാകുന്നതോടെ വിവിധ ദേശങ്ങളിലെ ഭക്ഷണപ്രേമികളെ കൊച്ചി നഗരത്തിലേക്ക് ആകര്‍ഷിക്കുന്നതിനും പ്രദേശവാസികള്‍ക്ക് നിരവധി തൊഴില്‍ സൃഷ്ടിക്കുന്നതിനും സാഹചര്യമൊരുങ്ങും.
സംസ്ഥാനത്തിന്റെ തനതു ഭക്ഷണങ്ങള്‍ ലഭ്യമാക്കുകവഴി ഫുഡ് ടൂറിസം മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മാതൃകയാകും. നഗരത്തിലെ ജനങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലെയും ലോകരാജ്യങ്ങളിലെയും വ്യത്യസ്തയിനം ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാനും അവസരമൊരുങ്ങും.
നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി കസ്തൂര്‍ബാ നഗറിലെ വാക്വേ നിര്‍മാണം, വിനോദകേന്ദ്രം എന്നിവകൂടി നടപ്പാകുന്നതോടെ പദ്ധതി കൂടുതല്‍ ആകര്‍ഷണീയമാകും.