ബോബി ചെമ്മണൂര്‍ പറഞ്ഞതല്ല സത്യം, പണമില്ലാത്ത പ്രതികള്‍ക്കായി കേന്ദ്രഫണ്ടുണ്ട്
Sunday, January 19, 2025 2:01 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: പണമില്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത 26 തടവുകാരുടെ പ്രശ്നം പരിഹരിക്കാനാണ് താന്‍ ഒരു ദിവസംകൂടി ജയിലില്‍ കഴിഞ്ഞതെന്നായിരുന്നു കഴിഞ്ഞ ദിവസം ജയില്‍മോചിതനായ ബോബി ചെമ്മണൂരിന്റെ വിശദീകരണം. എന്നാല്‍ അത്തരമൊരു ആരോപണത്തിൽ വസ്തുതയില്ലെന്നതാണ് യാഥാർഥ്യം.
കാരണം, ജയില്‍മോചനത്തിനായി പണമില്ലാത്ത തടവുകാരെ മോചിപ്പിക്കാനായി കേന്ദ്രപദ്ധതി നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പദ്ധതി നിലവില്‍ വന്നത്. പദ്ധതിയുടെ മാനദണ്ഡപ്രകാരം കേരളത്തിലെ എല്ലാ ജയിലുകളിലെയും കണക്കെടുത്താല്‍ പോലും ബോബി പറഞ്ഞത്ര പ്രതികള്‍ വരില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒടുവിലത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് കാസര്ഗോട്ടുകാരനായ ഒരു പ്രതി മാത്രമാണ് ശേഷിക്കുന്നത്.
മറ്റു പല സംസ്ഥാനങ്ങളിലെയും ജയിലുകളില്‍ വര്‍ഷങ്ങളായി വിചാരണത്തടവുകാരായി തുടരുന്ന നിരവധി പേരുണ്ടെന്നതും യാഥാര്‍ഥ്യമാണ്.
ഈ പദ്ധതി പ്രകാരം ലീഗല്‍ സര്‍വീസ് അഥോറിറ്റികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ രൂപീകരിച്ച എംപവേഡ് കമ്മിറ്റിയാണ് പണമില്ലാത്ത പ്രതികളുടെ ജയില്‍മോചനത്തിനു വഴിയൊരുക്കുന്നത്.
അതാത് ജില്ലാ കളക്ടർമാരാണ് കമ്മിറ്റി ചെയര്മാന്. ജില്ലാ പോലീസ് മേധാവി, ജയില്‍ സൂപ്രണ്ട്, ജയിലിന്റെ ചുമതലയുള്ള ജഡ്ജി, ഡിഎല്‍എസ്എ സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. സംസ്ഥാന തലത്തിലുളള കമ്മിറ്റിയാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
ജാമ്യം ലഭിച്ച് ഏഴുദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത വിചാരണത്തടവുകാരുടെ വിവരം ജയില്‍ അധികൃതര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയെ അറിയിക്കണം. പ്രതിയുടെ സാമ്പത്തിക പശ്ചാത്തലം കൃത്യമായി അന്വേഷിച്ച് ലീഗല്‍ സര്‍വീസ് അഥോറിറ്റി എംപവേര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ വയ്ക്കും. അതിനൊപ്പം കോടതിയില്‍നിന്ന് ജാമ്യവ്യവസ്ഥ പുതുക്കി തുക കുറച്ചുകൊണ്ടുവരണം. 40,000 രൂപവരെയെങ്കില്‍ അത് കമ്മിറ്റി അടയ്ക്കും. അതിനു മുകളിലാണെങ്കില്‍ സംസ്ഥാനതലത്തില്‍ രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതി വേണം.
യുഎപിഎ, പോക്സോ, ലഹരി ഇടപാട്, അഴിമതി നിരോധന നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം തുടങ്ങിയവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഒരു തവണ മാത്രമാണ് ആനുകൂല്യം ലഭിക്കുക. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമാണ് അവസരം. കോടതി ശിക്ഷിച്ച് പിഴത്തുക അടയ്ക്കാന്‍ സാധിക്കാതെ ജയിലില്‍ കഴിയുന്നവര്‍ക്കും പദ്ധതി വഴി സഹായം ലഭിക്കും.
ഇത്തരം തടവുകാരുടെ വിവരം ഏഴു ദിവസത്തിനുള്ളില്‍ ജയില്‍ സൂപ്രണ്ട് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയെ അറിയിക്കണം.
25,000 രൂപ വരെയുള്ള പിഴത്തുക അന്തിമ തീരുമാനത്തിനൊടുവില്‍ കമ്മിറ്റി അടയ്ക്കും. അതിനു മുകളിലാണെങ്കില്‍ സംസ്ഥാനതലത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടെ അനുമതി ഇവിടെയും വേണം.