പാലക്കാട്ടെ ട്രോളി ബാഗ് വിവാദം; സിപിഎമ്മിൽ ഭിന്നത രൂക്ഷം
Saturday, November 9, 2024 2:59 AM IST
പാലക്കാട്: ട്രോളി ബാഗ് വിവാദത്തില്‍ സിപിഎമ്മില്‍ വീണ്ടും ഭിന്നത രൂക്ഷമാകുന്നു. നേരത്തേ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിനും സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവും വ്യത്യസ്ത അഭിപ്രായവുമായി രംഗത്തു വന്നതിനു പിന്നാലെയാണു മുതിര്‍ന്ന നേതാവ് എന്‍.എന്‍. കൃഷ്ണദാസും ട്രോളി ബാഗ് വിവാദത്തിനെതിരേ പരസ്യമായി രംഗത്തുവന്നത്.
തെരഞ്ഞെടുപ്പില്‍ ജനകീയ, രാഷ്ട്രീയ വിഷയങ്ങളാണു ചര്‍ച്ച ചെയ്യേണ്ടതെന്നു കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. “ട്രോളിയില്‍ പണമുണ്ടോ ഇല്ലയോ എന്നതു പാര്‍ട്ടികളല്ല, പോലീസാണു നോക്കേണ്ടത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടരുത്.
ഞാന്‍ പറയുന്നതാണ് സിപിഎം നിലപാട്. മന്ത്രി എം.ബി. രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോടു ചോദിക്കണം. ജില്ലാ സെക്രട്ടറി ഉടന്‍ മറുപടി പറയും. ജില്ലാ സെക്രട്ടറി കേസിനു പോകുമെന്നു കരുതുന്നില്ല” - കൃഷ്ണദാസ് മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി നിലപാട് പറയാന്‍ മറ്റു നേതാക്കളോടു ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ട്രോളി വിവാദം കഴിഞ്ഞെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
അതേസമയം, കൃഷ്ണദാസിന്റെ വാദം തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവും പ്രതികരിച്ചു. കള്ളപ്പണം പാലക്കാട്ട് എത്തിയെന്നതാണ് വസ്തുതയെന്നു പറഞ്ഞ സുരേഷ്ബാബു, സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
ട്രോളി ബാഗില്‍ ചര്‍ച്ച വേണ്ടെന്നു കൃഷ്ണദാസ് പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണം. സിപിഎമ്മില്‍ ഒരു പ്രതിസന്ധിയും അഭിപ്രായഭിന്നതയുമില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരായി വരുന്ന എല്ലാ കാര്യവും ചര്‍ച്ച ചെയ്യണമെന്നാണു പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന് മാഷ് പറഞ്ഞത്. കൈതോലപ്പായയും ഈന്തപ്പഴത്തിന്റെ കുരുവും ചര്ച്ചചെയ്തെങ്കില് ഇതും ചര്‍ച്ചചെയ്യേണ്ടേ? പാലക്കാട്ട് എല്ലാ ജനകീയപ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. എന്തു വികസനകാര്യങ്ങളാണു ചര്‍ച്ച ചെയ്യാത്തത്്? പാലക്കാട്ട് കള്ളപ്പണം വന്നിട്ടുണ്ടെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്മാഷ് പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കുമ്പോള്‍ എല്ലാ കാര്യങ്ങളും പുറത്തുവരും- സുരേഷ്ബാബു പറഞ്ഞു.
ഷാഫി പറമ്പിലിന്റെ കാറില്‍ കയറിയെന്നാണു യുഡിഎഫ് സ്ഥാനാര്‍ഥി ആദ്യം പറഞ്ഞത്. കാറില്‍ ഷാഫി ഉണ്ടായിരുന്നോ എന്നു വ്യക്തമാക്കണം. പത്തു മീറ്റര്‍ പോകാന്‍ ഒരു കാര്‍, 700 മീറ്റര്‍ പോയപ്പോള്‍ മറ്റൊരു കാറില്‍ കയറുന്നു.
സിനിമയില്‍ അധോലോകസംഘം ചെയ്യുന്നതുപോലെയായിരുന്നു ഇതെല്ലാം. കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണത്തിനെതിരേ താന്‍ നല്കിയ പരാതിയില്‍ പോലീസ് മൊഴിയെടുക്കാന്‍ വിളിക്കുമെന്നാണു കരുതുന്നതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
ജില്ലാ സെക്രട്ടറിയുടെ പ്രതികരണത്തിനുശേഷവും കൃഷ്ണദാസ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ട്രോളി ബാഗ് വിവാദം ട്രാപ്പാണെന്നും അതിൽ ആരും തലവച്ചുകൊടുക്കേണ്ടെന്നും കൃഷ്ണദാസ് ആവർത്തിക്കുകയും ചെയ്തു. നേരത്തേ ഇടതു സ്ഥാനാർഥി പി. സരിന് ട്രോളിവിവാദം ഷാഫി പറമ്പിലിന്റെ തിരക്കഥയാണെന്നാണ് ആരോപിച്ചത്.
എന്നാല്‍, ജില്ലാ സെക്രട്ടറി അതു തള്ളി ഹോട്ടലിലേക്കു കള്ളപ്പണം കോണ്‍ഗ്രസ് എത്തിച്ചുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോര്‍ട്ട് നൽകിയിട്ടില്ല: കളക്ടര്‍
പാലക്കാട്: നവംബര്‍ ആറിനു ഹോട്ടല്‍ മുറികളിൽ നടന്ന പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമവാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നു ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര അറിയിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ജില്ലാ കളക്ടര്‍ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. ആവശ്യപ്പെട്ടാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.