ജാമ്യം ലഭിച്ചു, ദിവ്യ ഇറങ്ങി
Saturday, November 9, 2024 2:59 AM IST
തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്ക് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇന്നലെ വൈകുന്നേരം ദിവ്യ ജയിൽമോചിതയായി.
ഇന്നലെ രാവിലെ പതിനൊന്നോടെ കോടതി നടപടികൾ ആരംഭിച്ചപ്പോൾതന്നെ ആദ്യം പരിഗണിച്ചത് ദിവ്യയുടെ ജാമ്യഹർജിയായിരുന്നു. തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ “അലോവ്ഡ്’’എന്ന ഒറ്റവാക്കിൽ ജാമ്യം നൽകുകയായിരുന്നു.
ഒരു ലക്ഷം വീതം രണ്ട് ആൾജാമ്യത്തിലും കണ്ണൂർ ജില്ല വിട്ടുപോകരുത്, എല്ലാം തിങ്കളാഴ്ചയും അന്വേഷണസംഘത്തിന് മുന്പിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, പാസ്പോർട്ട് സറണ്ടർ ചെയ്യുക തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം അനുവദിച്ചത്.
കണ്ണൂർ പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ദിവ്യ 11 ദിവസത്തിനുശേഷം ഇന്നലെ വൈകുന്നേരം 4.55 ഓടെ പുറത്തിറങ്ങി. ദിവ്യയെ സ്വീകരിക്കാൻ സിപിഎം നേതാക്കളും പ്രവർത്തകരും ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ.വിശ്വനും എത്തിയിരുന്നു.
ജയിലിൽ നിന്നിറങ്ങി മാധ്യമങ്ങളോടു പ്രതികരിച്ചശേഷം ദിവ്യ അഭിഭാഷകർ വന്ന വാഹനത്തിൽ ഇരിണാവിലുള്ള വീട്ടിലേക്കാണു പോയത്. ഒക്ടോബർ 29നാണ് ദിവ്യ അറസ്റ്റിലായത്.