ഉറപ്പിച്ച് യുഡിഎഫ്, ഭൂരിപക്ഷം കുറയ്ക്കാൻ എല്‍ഡിഎഫും എന്‍ഡിഎയും
Saturday, November 9, 2024 2:10 AM IST
ടി.എം. ജയിംസ്
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ. പ്രിയങ്കഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം എഐസിസി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ യുഡിഎഫ് തീര്‍ച്ചയാക്കിയതാണ് അവരുടെ വിജയം. എങ്കിലും പ്രചാരണരംഗത്ത് ആലസ്യം അരുതെന്ന ഉറച്ച തീരുമാനത്തിലാണ് മുന്നണി.
പ്രിയങ്കയ്ക്ക് ചരിത്രവിജയം സമ്മാനിക്കാന്‍ അധ്വാനിക്കുകയാണ് ബൂത്തുതലത്തിലടക്കം പ്രവര്‍ത്തകര്‍. എന്നാല്‍ ‘പ്രിയങ്ക ഇഫക്ടിനു’ മുന്നില്‍ അടിയറവ് പറയാന്‍ തയാറല്ല എല്‍ഡിഎഫും എന്‍ഡിഎയും. മുതിർന്ന സിപിഐ നേതാവ് സത്യന് മൊകേരിയെയാണ് പ്രിയങ്കയെ നേരിടാന്‍ ഇടതുമുന്നണി നിയോഗിച്ചത്.
2014ല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസിനെ നേരിട്ടത് സത്യന് മൊകേരിയാണ്. പ്രിയങ്കയെ നേരിടാന്‍ ദേശീയ നേതാക്കളില്‍ ഒരാളെ ബിജെപി രംഗത്തിറക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷ. എന്നാല്‍, മഹിളാമോര്‍ച്ച നേതാവും കോഴിക്കോട് കോര്പറേഷന് കൗണ്‍സിലറുമായ നവ്യ ഹരിദാസിനെയാണ് പാര്‍ട്ടി ദൗത്യം ഏല്‍പ്പിച്ചത്.
മനക്കോട്ടകള്‍ കെട്ടി മുന്നണികള്‍
ഉപതെരഞ്ഞെടുപ്പുപ്രചാരണം അവസാനഘട്ടത്തിലേക്കു കടക്കവേ മനക്കോട്ടകള്‍ കെട്ടുകയാണ് മൂന്നു മുന്നണികളും. വോട്ടര്‍മാരെ ഒപ്പംനിര്‍ത്താന്‍ അടവുകളെല്ലാം പുറത്തെടുക്കുകയാണ് നേതാക്കള്‍. വികസനം തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയമാണ്. ഏറ്റവും ഒടുവില്‍ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്കു വിതരണം ചെയ്ത കിറ്റുകളിലെ അരിയിലും റവയിലും പുഴുക്കളെ കണ്ടതും തോല്‍പ്പെട്ടിയില്‍ പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രം പതിച്ച കിറ്റുകള്‍ തെരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്ക്വാഡ് പിടിച്ചെടുത്തതും വോട്ടര്‍മാരെ ചാക്കിലാക്കാന്‍ ഉപയോഗപ്പെടുത്തുകയാണ് എല്‍ഡിഎഫും എന്‍ഡിഎയും.
ദേശീയ രാഷ്ട്രീയത്തിനൊപ്പം പ്രാദേശിക വികസന പ്രശ്നങ്ങളും അവതരിപ്പിച്ചായിരുന്നു പ്രിയങ്ക ഇതിനകം നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍. മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളജിന്റെ ശോച്യാവസ്ഥ, ദേശീയപാത 766ല്‍ ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന രാത്രിയാത്രാ വിലക്ക്, താമരശേരി ചുരം ബദല്‍ റോഡ്, വയനാട് റെയില്‍വേ, ബൈരക്കുപ്പ പാലം എന്നിവയാണു തെഞ്ഞെടുപ്പു പ്രചാരണത്തില്‍ എടുത്തുപറയുന്ന വികസന വിഷയങ്ങള്‍. ഇവയ്ക്കെല്ലാം പരിഹാരം കാണുമെന്ന വാക്കും പ്രിയങ്കയും യുഡിഎഫും വോട്ടര്‍മാര്‍ക്കു കൊടുക്കുന്നുണ്ട്. ഇതേ വിഷയങ്ങളാണ് എല്‍ഡിഎഫും എന്‍ഡിഎയും എടുത്തിടുന്നതും.
അഞ്ചുവര്‍ഷം വയനാട് എംപി ആയിട്ടും കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നിട്ടും ദേശീയപാതയിലെ രാത്രിയാത്രാവിലക്ക് ഒഴിവാക്കാന്‍ രാഹുല്‍ ഗാന്ധിക്കു കഴിഞ്ഞില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം നടന്ന 100 ദിവസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കാത്തത് എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയ്ക്കെതിരേ ആയുധമാക്കുന്നുണ്ട്. ദുരന്തമുഖത്തുപോലും രാഷ്ട്രീയം കാണുന്ന കൂട്ടരായാണ് കേന്ദ്ര സര്‍ക്കാരിനു നേതൃത്വം നല്‍കുന്നവരെ ഇടതു, വലതു മുന്നണികള്‍ വിശേഷിപ്പിക്കുന്നത്.
2014ലെ സ്ഥിതിയെന്ന് എല്‍ഡിഎഫ്
2014ലിലേതിനു സമാനമാണ് വയനാട് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരിയുടെ വിലയിരുത്തല്‍. മണ്ഡലത്തില്‍ യുഡിഎഫിന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കുമെന്നും അദ്ദേഹം പറയുന്നു. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ മ്ലാനത പടരുമെന്നാണ് സിപിഐ നേതാവും രാജ്യസഭാംഗവുമായ പി. സന്തോഷ്കുമാറിന്റെ അഭിപ്രായം.
റായ്ബറേലിയില്‍ മത്സരിക്കുന്ന വിവരം മറച്ചുവയ്ക്കാതെയാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞതവണ ജനവിധി തേടിയിരുന്നതെങ്കില്‍ വയനാട് തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമായിരുന്നു എന്നതിലും അദ്ദേഹത്തിനു സന്ദേഹമില്ല.
ഉപതെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ 14,71,742 പേര്‍ക്കാണ് വോട്ടവകാശം. ഇതില്‍ ഏകദേശം 11 ലക്ഷം പേര് പോളിംഗ് ബൂത്തില്‍ എത്തുന്നപക്ഷം പ്രിയങ്കയുടെ ഭൂരിപക്ഷം ആറു ലക്ഷം വോട്ടിന് അടുത്തായിരിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ ഉറപ്പിക്കുന്നു.
യുഡിഎഫ് നിരയില്‍ ഒരു വോട്ടുപോലും പോള്‍ ചെയ്യാതിരിക്കുന്നത് ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ ജാഗ്രതയിലാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ചീഫ് ഇലകക്ഷന് ഏജന്റ് കെ.എല്‍. പൗലോസ് പറഞ്ഞു. ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെ നടത്തിയാണ് എല്‍ഡിഎഫും എന്‍ഡിഎയും വോട്ട് ഉറപ്പിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,41,045 വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് നേടിയത്. ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ഇതിലും കുറയാതിരിക്കുന്നതിലാണ് എന്‍ഡിഎ നേതൃത്വത്തിന്റെ കണ്ണ്. ഗോത്ര മേഖലകളിലടക്കം പഴുതടച്ച പ്രചാരണമാണ് നവ്യ ഹരിദാസും സംഘവും നടത്തുന്നത്.