ദിവ്യക്കെതിരേയുള്ള പാര്‍ട്ടി നടപടിക്കു പിന്നില്‍ ജാമ്യപ്രതീക്ഷ
Saturday, November 9, 2024 2:59 AM IST
റെനീഷ് മാത്യു
കണ്ണൂര്‍: പി.പി. ദിവ്യ ജാമ്യം നേടിയതിനു പിന്നാലെയാണ് പാര്ട്ടിപദവികളില്നിന്നു നീക്കംചെയ്ത നടപടി സിപിഎം ജില്ലാകമ്മിറ്റി ഔദ്യോഗികമായി പുറത്തുവിട്ടത്. നവംബര്‍ അഞ്ചിന് ദിവ്യയുടെ ഹർജിയില്‍ വാദം പൂര്‍ത്തിയായപ്പോള്‍ത്തന്നെ ജാമ്യസാധ്യത നിയമവിദഗ്ധര്‍ പങ്കുവച്ചിരുന്നു. ഇന്നലെ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം ദിവ്യയുടെ അഭിഭാഷകനും സിപിഎം നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ (എഡിഎം) മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തി ജയില്മോചിതയാകുന്നതിനൊപ്പം പാര്‍ട്ടി നേതൃപദവികളില്‍ തുടരുന്നത് ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് വൈകിയെങ്കിലും ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്ന് നീക്കാന്‍ സിപിഎമ്മിനെ നിര്‍ബന്ധിപ്പിച്ചത്.
ഒപ്പം ദിവ്യക്കെതിരേ തുടക്കം മുതല്‍ നിലകൊണ്ട സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കര്‍ശന നിലപാടും പ്രധാനഘടകമാണ്.
റിമാന്‍ഡിലായതിനാല്‍ ദിവ്യക്കെതിരേ കടുത്ത നടപടികള്‍ വേണ്ടെന്ന നിലപാടിലായിരുന്നു തുടക്കത്തിൽ സിപിഎം നേതൃത്വം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍നിന്നു നീക്കിയതുതന്നെ കടുത്ത നടപടിയാണെന്നും നേതൃത്വം വിശദീകരിക്കുകയുണ്ടായി. എന്നാല്‍ പുറത്തിറങ്ങുന്ന ദിവ്യ പാര്‍ട്ടിയുടെ നേതൃപദവിയില്‍ തുടരുന്നത് പൊതുസമൂഹത്തില്‍ തെറ്റായസന്ദേശം നല്‍കുമെന്ന ചിന്തയാണ് നടപടി കടുപ്പിക്കാന്‍ പ്രേരകമായത്.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കോടതി ദിവ്യക്കു ജാമ്യം അനുവദിച്ചത്. ഏതാണ്ട് ഒന്നരമണിക്കൂറിനു ശേഷമാണ് ദിവ്യക്കെതിരേയുള്ള പാർട്ടി നടപടി സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
പാര്‍ട്ടിയുടെ യശസിന് കളങ്കമേല്‍പ്പിക്കുന്ന വിധത്തില്‍ പെരുമാറിയതിന് പി.പി. ദിവ്യയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍നിന്ന് ഒഴിവാക്കുന്നു എന്ന മൂന്നുവരി കുറിപ്പാണു കണ്ണൂര്‍ ജില്ലാ കമ്മിറ്റി മാധ്യമങ്ങള്‍ക്കു നല്‍കിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ജില്ലാകമ്മിറ്റി നടപടിക്കുള്ള ശിപാർശ സംസ്ഥാന സെക്രട്ടേറിയറ്റിനു നൽകുകയും സെക്രട്ടേറിയറ്റ് അംഗീകാരം നൽകുകയുമായിരുന്നു.
വിടാതെ പത്തനംതിട്ടയിലെ സിപിഎം
നവീന്‍ബാബുവിന്റെ മരണത്തിനു പിന്നാലെ, പി.പി. ദിവ്യക്കെതിരേ കര്‍ശന നടപടി വേണമെന്ന കടുത്ത നിലപാടിലായിരുന്നു തുടക്കം മുതലേ പത്തനംതിട്ട ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും സിഐടിയു നേതാവ് മലയാലപ്പുഴ മോഹനനും ഉള്‍പ്പെടെയുള്ളവര്‍ അനുനയങ്ങള്‍ക്കൊന്നും വഴങ്ങാതെ ഉറച്ച നിലപാടെടുത്തതോടെ കണ്ണൂര്‍ നേതൃത്വത്തെ കൈവിടുകയല്ലാതെ സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നില്ല. നാല് ആവശ്യങ്ങളാണു പത്തനംതിട്ടയിലെ നേതാക്കള്‍ സിപിഎം നേതൃത്വത്തിന് മുന്നില്‍ വച്ചത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി. ദിവ്യയെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നതായിരുന്നു ആദ്യ ആവശ്യം. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥആനത്തുനിന്നു നീക്കണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. ആദ്യം കേസെടുക്കാൻ മടിച്ചുനിന്ന പോലീസ് പിന്നീട് പാർട്ടി നിർദേശാനുസരണം കേസെടുക്കുകയായിരുന്നു. രണ്ടാമത്തെ കാര്യം പാർട്ടി നേതൃത്വം വൈകാതെ നടപ്പാക്കുകയും ചെയ്തു.
എന്നാല്‍ ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന നിര്‍ബന്ധത്തിനു വഴങ്ങാന്‍ തുടക്കത്തില്‍ കണ്ണൂരിലെ നേതൃത്വം മടിച്ചെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ കീഴടങ്ങാന്‍ ദിവ്യയോട് നിര്‍ദേശിക്കേണ്ടി വന്നു. ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്നു നീക്കണമെന്ന ആവശ്യത്തിലും തുടക്കത്തില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വം കണ്ണടച്ചെങ്കിലും പത്തനംതിട്ടയിലെ പ്രവര്‍ത്തകര്‍ നിലപാട് കടുപ്പിച്ചതോടെ പി.പി. ദിവ്യ ഇരിണാവ് സിആര്‍സി ബ്രാഞ്ചിലേക്കു തരംതാഴ്ത്തപ്പെട്ടു.