നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്നു വിശ്വാസമില്ല: സിഐടിയു നേതാവ്
Saturday, November 9, 2024 2:10 AM IST
പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ആഴത്തിലുള്ള അന്വേഷണം നടന്നിട്ടില്ലെന്നും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനന്. മരണത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യമാണ്.
പി.പി. ദിവ്യക്ക് പിന്നില്‍ മറ്റു ചിലര്‍ ആണെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിപിഎം കോന്നി ഏരിയാ കമ്മിറ്റി അംഗം കൂടിയായ മോഹനന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ടി.വി. പ്രശാന്തന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്കിയ പരാതിയെക്കുറിച്ച് വ്യക്തത വരുത്തണം. പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. താന്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും പാര്‍ട്ടി നിലപാട് വ്യക്തമാക്കേണ്ടത് ജില്ലാ സെക്രട്ടറിയാണെന്നും മലയാലപ്പുഴ മോഹനന് പറഞ്ഞു.
നവീന്റെ കുടുംബം സ്വീകരിക്കുന്ന നിയമനടപടികള്‍ക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടാകും. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. അന്വേഷണം തൃപ്തികരമല്ല,
മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നു. ജോലിയില്‍നിന്നും വിടുതല്‍ നേടിയ നവീന്‍ ബാബു തിരികെ ഔദ്യോഗിക വസതിയിലെത്തി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.
പെട്രോൾ പമ്പിനായി അപേക്ഷ നല്കിയ പ്രശാന്തന്റെ പരാതി വ്യാജമാണോയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണമെന്നും മോഹനന് ആവശ്യപ്പെട്ടു. പെട്രോള്‍ പമ്പിന്റെ പുറകിലും വമ്പന്മാര് ഉണ്ടെന്നും മലയാലപുഴ മോഹനന് പറഞ്ഞു.