മുനമ്പത്തേത് വഖഫ് ഭൂമിയല്ല, സമ്മാനം കിട്ടിയത്: കേരള നദ്വത്തുല് മുജാഹിദ്ദീന്‍
Saturday, November 9, 2024 2:59 AM IST
കോഴിക്കോട്: മുനമ്പത്തെ വിവാദഭൂമി വഖഫ് ചെയ്തുകിട്ടിയതല്ലെന്നും ഫറൂഖ് കോളജിനു സമ്മാനമായി കിട്ടിയതാണെന്നും കേരള നദ്വത്തുല് മുജാഹിദ്ദീന്‍ (കെഎന്‍എം).
സമാധാനത്തിനു കോട്ടം തട്ടാത്ത വിധത്തില്‍ മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഫറൂഖ് കോളജ് ആരംഭിച്ചപ്പോള്‍ സാമ്പത്തികസഹായമായാണു മുനമ്പത്തെ ഭൂമി നല്‍കിയത്. സമ്മാനമായാണു ഭൂമി നല്‍കിയത്. ഉപയോഗിക്കുന്നില്ലെങ്കില്‍ ആ കുടുംബത്തിനു തിരിച്ചുനല്‍കണമെന്നാണു വ്യവസ്ഥ.
കോളജ് അധികൃതര്‍ അറിഞ്ഞാണ് ഈ ഭൂമിയുടെ വില്പന നടന്നത്. ഇതു വഖഫ് ചെയ്ത ഭൂമിയല്ല. വഖഫ് ഭൂമിക്ക് ക്രയവിക്രയം പാടില്ല. അവിടെ താമസിക്കുന്നവര്‍ വിട്ടുപോകണമെന്ന അഭിപ്രായം മുസ്ലിംകള്‍ക്കില്ല. അവരെ കുടിയൊഴിപ്പിക്കാതെ രമ്യമായി പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്. വര്‍ഗീയ കാഴ്ചപ്പാടോടെയുള്ള നീക്കം നടക്കുന്നുണ്ട്. അതു സമാധാന അന്തരീക്ഷം തകര്‍ക്കും. വികാരപരമായി വിഷയത്തെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.