ലൈസൻസ്, ആർസി ബുക്ക് അച്ചടി ; എട്ടു കോടി നൽകിയതിൽ ദുരൂഹത
Saturday, November 9, 2024 2:09 AM IST
സി.എസ്. ദീപു
തൃശൂർ: ആർസി ബുക്കും ലൈസൻസും സ്വകാര്യപ്രസിൽ അച്ചടിക്കാൻ മോട്ടോർ വാഹനവകുപ്പിനു സർക്കാർ എട്ടു കോടിയിലേറെ അനുവദിച്ചതിൽ അടിമുടി ദുരൂഹത.
എറണാകുളം ചിറ്റേത്തുകരയിൽ സീപോർട്ട്-എയർപോർട്ട് റോഡിലുള്ള ട്രാൻസ് ഏഷ്യ കോർപറേറ്റ് പാർക്ക് ടവർ-1 ൽ പ്രവർത്തിക്കുന്ന പ്രഷ്യൻസ് സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിക്കു കരാർ നൽകിയാണു ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്.
ഇതിനെതിരേ ലഭിച്ച പരാതിയിൽ ധനകാര്യപരിശോധനാവിഭാഗം അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണു മന്ത്രിസഭായോഗം ചേർന്നു പണം അനുവദിച്ചതു കേന്ദ്ര പൊതുമേഖലാസ്ഥാപനത്തിനാണെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്തുവരുന്നത്. ധനവകുപ്പ് ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല.
ഐടിഐ ലിമിറ്റഡ് ബംഗളൂരുവിനു പണം നൽകണമെന്നാണ് ഈ വർഷം മാർച്ച് ഏഴിനു സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഫെബ്രുവരി 28നു ചേർന്ന മന്ത്രിസഭാതീരുമാനപ്രകാരമാണ് ഗതാഗത സെക്രട്ടറി ഡോ. കെ. വാസുകിയും സെക്ഷൻ ഓഫീസർ ആർ. രതീഷും ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയത്.
ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അച്ചടിച്ചു വിതരണംചെയ്ത ഐടിഐ ലിമിറ്റഡ് ബംഗളൂരുവിനു കുടിശികയിനത്തിൽ നൽകാനുള്ള 8.66 കോടിയും സി-ഡിറ്റിനു നൽകാനുള്ള തുകയും ഉൾപ്പെടെ 15 കോടി അനുവദിക്കുന്നെന്നും പിവിസി പെറ്റ് ജി കാർഡ് (ചിപ്പ് ഘടിപ്പിക്കാത്തത്) രൂപത്തിൽ അച്ചടിക്കാൻ കാർഡ് ഒന്നിന് 60 രൂപയും നികുതിയുമടക്കം അഞ്ചുവർഷത്തേക്ക് ഓർഡർ നൽകിയ ഗതാഗതകമ്മീഷണറുടെ നടപടി സാധൂകരിക്കുന്നെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ സ്ഥാപനത്തിനു കരാർ നൽകിയശേഷം പൊതുമേഖലാസ്ഥാപനത്തിനു പണം അനുവദിച്ചതിലാണു ദുരൂഹത. ഇക്കാര്യം മറച്ചുവച്ചാണ് അന്വേഷണത്തിനു ധനവകുപ്പ് ഉത്തരവിട്ടതും ഡിജിറ്റൽ സംവിധാനത്തിൽ ആർസി ബുക്കും ഡ്രൈവിംഗ് ലൈസൻസും നൽകാൻ തീരുമാനിച്ചതും. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ പ്രസിഡന്റ് ജോണ്സണ് പടമാടൻ നൽകിയ പരാതിയിലാണ് അന്വേഷണം.
സംസ്ഥാനത്തെ ആർടി ഓഫീസുകൾ, സബ് ആർടി ഓഫീസുകൾ എന്നിവിടങ്ങളിൽനിന്ന് ആർസിയും ഡ്രൈവിംഗ് ലൈസൻസും വേഗത്തിൽ പ്രിന്റ് ചെയ്തു ലഭിച്ചിരുന്നു. ഇതിനുള്ള സംവിധാനങ്ങളും ഓഫീസുകളിലുണ്ട്.
പേപ്പർ, ഹോളോഗ്രാം എന്നിവയ്ക്കുമാത്രമായി രണ്ടു രൂപയിൽ താഴെയായിരുന്നു സർക്കാരിന്റെ ചെലവ്. 2023 മാർച്ച് 23നു ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ ഉത്തരവ് അനുസരിച്ചാണു സ്വകാര്യ പ്രിന്റിംഗ് സ്റ്റേഷനിൽ അച്ചടിക്കാൻ തീരുമാനമെടുത്തത്. നവംബറിൽ അച്ചടി ആരംഭിച്ചു. ഇതിനുശേഷമാണു പ്രത്യേക ഉത്തരവിലൂടെ സർക്കാർ എട്ടു കോടി നൽകിയത്.
മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ സ്വകാര്യ പ്രസിലേക്ക് ഒന്പതു പേരെ അനധികൃതമായി നിയമിച്ചെന്നും ശന്പളയിനത്തിൽ ഒരുവർഷം സർക്കാരിന് 70 ലക്ഷത്തോളം നഷ്ടമായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്രസർക്കാർ നൽകുന്നതു സൗജന്യമായി; ഡിജിറ്റൽ പകർപ്പിനു സർവീസ് ചാർജ് 200 രൂപ
തൃശൂർ: ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്പോൾ കേരളം 200 രൂപ സർവീസ് ചാർജ് ഈടാക്കുന്നതിനെതിരേ പ്രതിഷേധം. നേരത്തേ 60 രൂപയായിരുന്നു സർവീസ് ചാർജ്. അപേക്ഷകരിൽനിന്നു പണം കൈപ്പറ്റിയെങ്കിലും യഥാസമയം കാർഡ് വിതരണം ചെയ്യുന്നതിൽ വീഴ്ചപറ്റി. കാർഡിന്റെ അച്ചടിയിലൂടെ കിട്ടിയ ലാഭം പോകാതിരിക്കാനാണ് ഒറ്റയടിക്ക് ചാർജ് 200 ആക്കിയത്.