കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ
Saturday, November 9, 2024 2:59 AM IST
തൃശൂർ: സിനിമാഭിനയത്തിനു താത്കാലിക കട്ട് കിട്ടിയ കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കു കേന്ദ്രത്തിൽനിന്ന് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകി. ഇറ്റലിയിൽ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയിലെ പ്രതിനിധിസംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതാണ് ഇതിൽ പ്രധാനം. ഈ മാസം 13 മുതൽ 15 വരെയാണ് സമ്മേളനം.
പാർലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിയെ ഏല്പിച്ചു. കേരളത്തിലെ വഖഫ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡൽഹിക്കു വിളിപ്പിച്ചിരുന്നു. നേരിൽ കണ്ടാണ് പ്രധാനമന്ത്രി അധികചുമതല നൽകിയത്.
കേന്ദ്രമന്ത്രിപദത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്നാണു സുരേഷ് ഗോപിയാടു കേന്ദ്രമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിർദേശി ച്ചിരിക്കുന്നത്. സിനിമാ സെറ്റുകളിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി ഓഫീസ് പ്രവർത്തിപ്പിച്ചുകൊള്ളാമെന്ന ഉപാധി അംഗീകരിച്ചില്ല.
എംപി ഓഫീസ് തുറക്കാത്തതും മുഴുവൻ സ്റ്റാഫിനെയും ഇനിയും നിയോഗിക്കാത്തതും അടിയന്തരമായി പരിഹരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിപദത്തിലിരിക്കുന്പോൾ പണം സന്പാദിക്കുന്ന മറ്റു മാർഗങ്ങൾ പാടില്ലെന്ന പെരുമാറ്റച്ചട്ടവും സുരേഷ് ഗോപിയുടെ അഭിനയമോഹത്തിനു തിരിച്ചടിയായി.
അതേസമയം, ഏറ്റെടുത്ത ചുമതലകൾ നിർവഹിച്ച് ഭരണനിർവഹണത്തെ ബാധിക്കാത്ത തരത്തിൽ ചട്ടലംഘനങ്ങളില്ലാതെ സിനിമകൾ പൂർത്തിയാക്കാൻ സാധിക്കുമെങ്കിൽ പിന്നീട് അതു ചെയ്തുകൊള്ളാൻ പ്രധാനമന്ത്രി അനുമതി നൽകിയിട്ടുണ്ടെന്നും സൂചനകളുണ്ട്.