ജാമ്യം ലഭിച്ചത് രാവിലെ 11ന്; പുറത്തിറങ്ങിയത് 4.55ന്
Saturday, November 9, 2024 2:59 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് രാവിലെ 11ഓടെ വന്നെങ്കിലും ദിവ്യക്ക് പുറത്തിറങ്ങാൻ ആറു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു.
ജാമ്യം അനുവദിച്ചുള്ള ഉത്തരവ് വന്നപ്പോൾത്തന്നെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സിപിഎം നേതാവ് പി.വി. ഗോപിനാഥ് എന്നിവർ വനിതാ ജയിലിനു മുന്നിൽ എത്തിയിരുന്നു.
ഇവർ ദിവ്യയെ ജയിലിനുള്ളിൽ കയറി കണ്ടശേഷമാണ് മടങ്ങിയത്. തുടർന്ന്, എൻ. സുകന്യ, പി.കെ. ശ്യാമള, എം.വി. സരള എന്നീ വനിതാ നേതാക്കൾ ജയിലിൽ എത്തി ഉച്ചയ്ക്ക് രണ്ടോടെ ജയിലിനുള്ളിൽ കയറി 10 മിനിറ്റോളം ദിവ്യയുമായി സംസാരിച്ചു.
തുടർന്ന് ഉച്ചകഴിഞ്ഞ് 3.35 നാണ്് ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ റിലീസിംഗ് ഓർഡറുമായി വനിതാ ജയിലിലെത്തിയത്. ഓർഡർ കൊടുത്ത് ഒന്നരമണിക്കൂറോളം കാത്തിരുന്നു. തുടർന്ന് 4.55നാണ് ദിവ്യ പുറത്തിറങ്ങിയത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിവ്യയെ കല്ല്യാശേരി ബ്ലോക്ക് പ്രസിഡന്റ് ഷാജിർ, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദിവ്യയെ സ്വീകരിക്കാൻ ജില്ലാ നേതാക്കൾ ആരും എത്തിയിരുന്നില്ല. ഇതിനിടയിൽ, ജയിലിൽ നിന്നിറങ്ങുന്പോൾ ദിവ്യ മാധ്യമങ്ങളോട് സംസാരിക്കുമെന്ന് അഭിഭാഷകൻ കെ. വിശ്വൻ പറയുകയും ചെയ്തു. ജയിലിൽനിന്നു പുറത്തിറങ്ങിയ ദിവ്യ വളരെ കരുതലോടെയാണ് സംസാരിച്ചത്.
നിയമോപദേശം ലഭിച്ച രീതിയിലായിരുന്നു സംസാരം. ജാമ്യം ലഭിച്ച ഉത്തരവ് പുറത്തുവന്നതു മുതൽ മാധ്യമപ്രവർത്തകരും വനിതാ ജയിലിനു മുന്നിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.
സ്ത്രീകളാണു കുടുംബജീവിതത്തിന്റെ പ്രഭവകേന്ദ്രമെന്നു വിധിന്യായം
നമ്മുടെ സാമൂഹികഘടനയിൽ സ്ത്രീകളാണു കുടുംബജീവിതത്തിന്റെ പ്രഭവകേന്ദ്രം. അവരുടെ സ്ഥാനചലനം ചെറിയ കാലയളവിൽപോലും സാധാരണയായി ആശ്രിതരെ അസ്വസ്ഥരാക്കും. അവർ കുടുംബവുമായി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ അവർ കസ്റ്റഡിയിൽ ചോദ്യംചെയ്യപ്പെടുമ്പോൾ അന്വേഷണ ഏജൻസികൾ ജാഗ്രത പാലിക്കണം.
അവരുടെ ജാമ്യം, മുൻകൂർ ജാമ്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്ത്രീകളുടെ സ്വഭാവമനുസരിച്ച് മുൻഗണനയും പരിഗണനയും അർഹിക്കുന്നതായും ദിവ്യക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിന്യായത്തിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ടി.കെ നിസാർ അഹമ്മദ് പറഞ്ഞു. പ്രതിയുടെ പിതാവ് ഹൃദ്രോഗവും ക്ഷയരോഗവും ഉള്ളയാളാണെന്ന് എടുത്തുപറയേണ്ടതാണ്.
ഹൈക്കോടതികളുടെയും സുപ്രീംകോടതികളുടെയും വിധികൾ പരിഗണിച്ചുകൊണ്ട് ഹർജിക്കാരിയെ കൂടുതൽ തടവിലാക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം നൽകുക പരിഷ്കൃത ക്രിമിനൽ നീതിയുടെ മുഖമാണ്.
ഒരാൾ കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതുവരെ പ്രതി നിരപരാധിയാണ്. സമൂഹത്തിന്റെ പ്രതികരണം എതിരായതുകൊണ്ട് ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി 33 പേജുള്ള വിധി ന്യായത്തിൽ പറഞ്ഞു.
തുടർനടപടി സ്വീകരിക്കുമെന്ന് മഞ്ജുഷയുടെ അഭിഭാഷക
വിധിപ്പകർപ്പ് ലഭിച്ചശേഷം കുടുംബത്തോട് ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി ഹാജരായ അഡ്വ. പി.എം. സജിത പറഞ്ഞു.
കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിനു നല്കും
ദിവ്യയുടെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞതായി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ. വിശ്വൻ പറഞ്ഞു. വിധി ദിവ്യക്ക് ആശ്വാസകരമാണ്. ബഹളംകൊണ്ട് സത്യം മൂടിവയ്ക്കാൻ കഴിയില്ല.
കൂടുതൽ വസ്തുതകൾ പുറത്തുവരാനുണ്ട്. പ്രതിയെ ശിക്ഷിക്കുന്നതുവരെ അയാൾ നിരപരാധിയാണ്. ദിവ്യയുടെ കൈവശമുള്ള കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിനു കൈമാറും.
നിയമപോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും വിശ്വൻ മാധ്യമങ്ങളോടു പറഞ്ഞു.