സഭാ തര്‍ക്കം: കോടതിയലക്ഷ്യം നേരിടുന്ന ഉദ്യോഗസ്ഥര്‍ നേരിട്ടു ഹാജരാകാത്തതില്‍ വിമര്‍ശനം
Saturday, November 9, 2024 2:09 AM IST
കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികള്‍ ഏറ്റെടുത്തു കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ കോടതിയലക്ഷ്യക്കുറ്റം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടു ഹാജരാകാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി.
അന്നത്തെ ചീഫ് സെക്രട്ടറി വി. വേണുവടക്കം ഹാജരാകുന്നതിന് ഒഴിവുകള്‍ പറഞ്ഞ സാഹചര്യത്തിലാണു വിമര്‍ശനം. ഉദ്യോഗസ്ഥരടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസിനു നിര്‍ദേശം നല്കിയ കോടതി മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
ഹര്‍ജികള്‍ 29ന് വീണ്ടും പരിഗണിക്കും. കുറ്റം ചുമത്തുന്നതിനെതിരായ വാദത്തിനും ഇവര്‍ക്ക് അവസരമുണ്ടാകും.
ആവശ്യത്തിന് അവസരങ്ങള്‍ നല്‍കിയതാണെന്നും പള്ളികള്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശം പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പാലിക്കാനായില്ലെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ കുറ്റപ്പെടുത്തി.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ മുന്‍ റൂറല്‍ ഡിസിപി വിവേക് കുമാര്‍, പാലക്കാട് കളക്ടര്‍ എസ്. ചിത്ര എന്നിവര്‍ ഓണ്‍ലൈനില്‍ ഹാജരായിരുന്നു. ചില കക്ഷികള്‍ നേരിട്ടും ഹാജരായി.