“അധ്യാപകര്‍ കുട്ടികളെ പേടിച്ച് ക്ലാസെടുക്കേണ്ട സ്ഥിതി”; അധ്യാപികയ്ക്കെതിരേയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
Saturday, November 9, 2024 2:59 AM IST
കൊച്ചി: ക്രിമിനല്‍ കേസും ജയിലും ഭയന്ന് കുട്ടികള്‍ക്ക് ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് ഹൈക്കോടതി. എന്തു ചെയ്യണം, ചെയ്യേണ്ട എന്ന ഭയമാണ്. അച്ചടക്കത്തിന്റെയും പഠനത്തിന്റെയും ഭാഗമായി നല്കുന്ന നിര്‍ദേശങ്ങളും ശിക്ഷകളും അധ്യാപകരെ തുറുങ്കിലാക്കാനുള്ള ക്രിമിനല്‍ കേസിനുള്ള അവസരമായി കുട്ടികള്‍ മാറ്റുന്നുണ്ട്.
അധ്യാപകരെ ബഹുമാനിക്കാത്ത ദുഃസ്വഭാവം ചില കുട്ടികള്‍ സ്ഥിരമായി പുലര്‍ത്തുന്നു. ഇതു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു ഭീഷണിയാണെന്നു മാത്രമല്ല, അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
ഇതേ നില തുടരുകയാണെങ്കില്‍ അച്ചടക്കമുള്ള പുതിയ തലമുറയെ എങ്ങനെ വാര്ത്തെടുക്കാനാകുമെന്ന കാര്യം ഞെട്ടിക്കുന്നതാണെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ ശിക്ഷിച്ചെന്ന പേരില്‍ അധ്യാപികയ്ക്കെതിരേ എടുത്ത കേസിലെ തുടര്‍നപടികള്‍ റദ്ദാക്കിയാണു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ദക്ഷിണയായി ഗുരു ചോദിച്ച പെരുവിരല്‍ മടിയില്ലാതെ മുറിച്ചുനല്കിയ ഏകലവ്യന്റെ കാലമുണ്ടായിരുന്നു. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോള്‍ അധ്യാപക-വിദ്യാര്‍ഥി ബന്ധം കീഴ്മേല്‍ മറിഞ്ഞതായി കോടതി പറഞ്ഞു.
ഡെസ്കില്‍ കാൽ കയറ്റിവച്ച് ക്ലാസിലിരുന്നതു ചോദ്യം ചെയ്ത അധ്യാപികയെ വിദ്യാര്‍ഥി അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന് വടിയെടുത്ത് അടിച്ചിരുന്നു. എന്നാല്‍, അടിച്ചുപരിക്കേല്പ്പിച്ചെന്ന പേരില്‍ നൽകിയ പരാതിയില്‍ വാടാനപ്പള്ളി പോലീസ് കേസെടുത്തു. ഇപ്പോള്‍ തൃശൂര്‍ അഡീ. സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക കോടതിയെ സമീപിക്കുകയായിരുന്നു.