പത്രസമ്മേളനത്തിലെ ആരോപണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ നടപടി സാധ്യമല്ലെന്ന്
കോടതി
Saturday, November 9, 2024 2:59 AM IST
കൊച്ചി: പത്രസമ്മേളനത്തിൽ ഉന്നയിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പ്രോസിക്യൂഷന് നടപടി സാധ്യമല്ലെന്നു ഹൈക്കോടതി.
സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാലിനെതിരേ ഉന്നയിച്ച ആരോപണം സംപ്രേഷണം ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ്, കൈരളി ചാനലുകള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തിക്കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം.
2016 ഏപ്രിലിലായിരുന്നു സരിത എസ്. നായര്‍ വേണുഗോപാലിനെതിരേ ആരോപണമുന്നയിച്ചത്. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് ഇതെന്നാരോപിച്ചായിരുന്നു അപകീര്‍ത്തി കേസെടുത്തത്. പത്രസമ്മേളനത്തില്‍ പറയുന്ന കാര്യം പൊതുവിടത്തുള്ളതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
സരിത പറഞ്ഞ കാര്യങ്ങള്‍ സംപ്രേഷണം ചെയ്യുക മാത്രമാണ് മാധ്യമങ്ങള്‍ ചെയ്തത്. അതിനാല്‍ ഈ കേസ് അപകീര്‍ത്തികരമായി കണക്കാക്കാനാവില്ലെന്നും നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളിലെ തുടര്‍നടപടികള്‍ റദ്ദാക്കിയത്.
അതേസമയം, ആരോപണമുന്നയിച്ച സരിതയ്ക്കെതിരേ നടപടി സ്വീകരിക്കുന്നതിനു തടസമില്ലെന്നും കോടതി ഉത്തരവിലുണ്ട്.