സിപിഎം നവീൻ ബാബുവിന്റെ കുടുംബത്തെ അപമാനിച്ചു: കെ. സുരേന്ദ്രൻ
Saturday, November 9, 2024 2:10 AM IST
പാലക്കാട്: പി.പി. ദിവ്യക്കു ജാമ്യംകിട്ടിയത് ആഭ്യന്തരവകുപ്പും പ്രോസിക്യൂഷനും സഹായിച്ചതുകൊണ്ടാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
നവീൻ ബാബുവിന്റെ കുടുംബത്തെ സിപിഎം അപമാനിച്ചു. ദിവ്യയുടെ കാര്യത്തിൽ ബിജെപി പറഞ്ഞതു ശരിയായിരിക്കുന്നു. ദിവ്യയെ സംരക്ഷിച്ചതു സിപിഎം ആണെന്നു വ്യക്തമായി. ജാമ്യാപേക്ഷയിൽ പ്രതിഭാഗം നവീൻ ബാബുവിന്റെ കുടുംബത്തിനെതിരേ ഉന്നയിച്ച ആരോപണത്തെ എതിർക്കാൻ പ്രോസിക്യൂഷൻ തയാറായില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ജില്ലാ കളക്ടർ നൽകിയ മൊഴിയാണു പ്രതിഭാഗത്തിന് അനുകൂലമായ നടപടിയുണ്ടാകാൻ കാരണം. ഇതു സർക്കാരിന്റെ ദയനീയപരാജയമാണ്. സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയെക്കൊണ്ടു നാടകം കളിപ്പിച്ചു. ഇപ്പോൾ പത്തനംതിട്ട ജില്ലാ കമ്മിറ്റി എന്താണു മിണ്ടാത്തത്?
ഗോവിന്ദന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദിവ്യ തിരുത്തുമെന്നു ഗോവിന്ദൻ പറയുന്നത് എന്തടിസ്ഥാനത്തിലാണ്. പാർട്ടി ഇപ്പോൾ എടുത്ത നടപടി ജനങ്ങളെ കബളിപ്പിക്കലാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.