മതാടിസ്ഥാനത്തിൽ ഐഎഎസ് വാട്സാപ്പ് ഗ്രൂപ്പ് ; ഗോപാലകൃഷ്ണനെതിരേയുള്ള റിപ്പോർട്ട് സർക്കാരിലേക്ക്
Saturday, November 9, 2024 2:59 AM IST
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചത് വ്യവസായവകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായില്ലെന്ന പോലീസ് റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറി.
കെ. ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്തിട്ടില്ലെന്ന വാട്സാപ്പ്, ഗൂഗിൾ, ഫോറൻസിക് ലാബിലെ പരിശോധനാ ഫലം അടക്കമുള്ള റിപ്പോർട്ടുകൾ സഹിതമാണ് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ റിപ്പോർട്ട് നൽകിയത്.
സംസ്ഥാനത്തെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരേയുള്ള റിപ്പോർട്ട് ഡിജിപി ഷെയ്ക് ദർബേഷ് സാഹിബ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വഴി സർക്കാരിനു കൈമാറും. ഇതോടെ മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാരാകും അന്തിമതീരുമാനം എടുക്കുക.
ഗൂഗിളും വാട്സാപ്പും ഇന്റർനെറ്റ് സേവനദാതാക്കളും ഫോണ് ഹാക്ക് ചെയ്തുവെന്ന ആരോപണം നിഷേധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. പിന്നീട് ഫോറൻസിക് ലാബിലെ പരിശോധനയിലും ഹാക്കിംഗ് കണ്ടെത്താനായില്ല.
ഗോപാലകൃഷ്ണന്റെ ഫോണിന്റേത് അല്ലാത്ത ഐപി വിലാസം ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാക്കളും അറിയിച്ചിരുന്നു. ഗ്രൂപ്പുകളുണ്ടാക്കി എന്നല്ലാതെ സന്ദേശങ്ങൾ കൈമാറിയിട്ടില്ല. ഇതിനാൽ പോലീസ് കേസെടുത്തിട്ടില്ല. സർക്കാർ നിർദേശപ്രകാരമായിരിക്കും അന്തിമതീരുമാനമുണ്ടാവുക.
ഒക്ടോബർ 30നാണ് ഗോപാലകൃഷ്ണൻ അഡ്മിനായി മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത്. വിവരം പുറത്തറിഞ്ഞ ശേഷമാണ് പരാതി നൽകിയത്. അതേസമയം, ഗോപാലകൃഷ്ണന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി.
ഹിന്ദുക്കൾക്കായി വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കുന്നത് കേരളത്തിൽ കുറ്റമാണോയെന്നും മറ്റ് മതസ്ഥരുണ്ടാക്കിയ ഗ്രൂപ്പുകളും സർക്കാർ നിരോധിക്കുമോയെന്നും വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ ചോദിച്ചു.