ലീഗ് പഞ്ചായത്തംഗത്തെ അയോഗ്യനാക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കി
Saturday, November 9, 2024 2:10 AM IST
പള്ളിക്കര: മുസ്ലിംലീഗ് പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കിയ പള്ളിക്കര പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിയുടെ നടപടി റദ്ദാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. മൂന്നു ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ രണ്ടാം വാര്‍ഡായ ഹദ്ദാദ് നഗറിലെ മെംബര്‍ അഹമ്മദ് ബഷീറിനെ പുറത്താക്കിയ നടപടിയാണ് റദ്ദാക്കിയത്.
കാറഡുക്ക സഹകരണസംഘം തട്ടിപ്പു കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ബഷീര്‍ 94 ദിവസം ജയിലിലായിരുന്നു. ഈ റിമാന്‍ഡ് കാലയളവില്‍ നടന്ന മൂന്നു ഭരണസമിതി യോഗങ്ങളില്‍ ബഷീറിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പറഞ്ഞാണ് ബഷീറിനെ അയോഗ്യനാക്കിയത്.
വാര്‍ഡിന്റെ അധികച്ചുമതല തൊട്ടടുത്ത മൂന്നാം വാര്‍ഡിലെ ഐഎന്‍എല്‍ അംഗമായ കുഞ്ഞബ്ദുല്ലയ്ക്ക് കൈമാറാന്‍ ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. 22 അംഗ ഭരണസിമിതിയില്‍ എല്‍ഡിഎഫിന് 14 ഉം യുഡിഎഫിന് എട്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്.
പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരേ ബഷീര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
റിമാന്‍ഡിലായിരുന്ന കാലയളവിലെ രണ്ടു യോഗത്തില്‍ മാത്രമേ പങ്കെടുക്കാതിരുന്നിട്ടുള്ളൂവെന്നും മൂന്നാമത്തെ യോഗം ഔപചാരികമല്ലായിരുന്നുവെന്നും തനിക്ക് ഈ യോഗത്തിന്റെ അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ വിശദീകരണത്തില്‍ ബഷീര്‍ വാദിച്ചു. ഇതു ശരിവച്ചുകൊണ്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.