രാത്രിയിൽ ട്രെയിനിൽ മദ്യപിച്ച് അഴിഞ്ഞാട്ടം ; ചോദ്യംചെയ്ത യാത്രക്കാരനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു
Saturday, November 9, 2024 2:10 AM IST
കാഞ്ഞങ്ങാട്: രാത്രിയിൽ മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിൽ മദ്യപിച്ച് ലക്കുകെട്ട യുവാക്കളുടെ അഴിഞ്ഞാട്ടം. കോച്ചിനുള്ളിൽ ഛർദിച്ചത് ചോദ്യംചെയ്ത യാത്രക്കാരനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പിച്ചു.
കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളി(62)ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ രണ്ടു പേരും ട്രെയിനിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു.
ട്രെയിനിന്റെ പുറകുവശത്തെ ജനറൽ കോച്ചിലായിരുന്നു സംഭവം. രാത്രി 11.45 നാണ് ട്രെയിൻ മംഗളൂരുവിൽ നിന്നു പുറപ്പെട്ടത്. രാത്രികാലത്ത് മറ്റു വണ്ടികളില്ലാത്തതിനാൽ ജനറൽ കോച്ചിൽ സാമാന്യം തിരക്കുണ്ടായിരുന്നു. ഇതിനിടെയാണ് മദ്യപിച്ച് ലക്കുകെട്ട രണ്ടു പേർ മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ ബഹളം വയ്ക്കുകയും ഛർദിക്കുകയും ചെയ്തത്. മറ്റു യാത്രക്കാർക്ക് നിൽക്കാൻപോലും ബുദ്ധിമുട്ടായതോടെ മുരളിയും ഒപ്പമുണ്ടായിരുന്ന ഇല്യാസും വേറെ ചില യാത്രക്കാരും ഇതിനെ ചോദ്യം ചെയ്തു.
പുലർച്ചെ ഒന്നോടെ ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയപ്പോൾ ബഹളമുണ്ടാക്കിയവർ ഇറങ്ങി. ഇതിലൊരാൾ പെട്ടെന്ന് തിരികെ കയറി റെയിൽവേ ട്രാക്കിൽ നിന്നെടുത്ത കരിങ്കല്ലുകൊണ്ട് മുരളിയുടെ തലയ്ക്കടിക്കുകയായിരുന്നു. വീണ്ടും ഇറങ്ങിയോടുന്നതിനിടയിൽ ഇവർ ട്രെയിനിനു നേരേ കല്ലെറിഞ്ഞതായും മറ്റു യാത്രക്കാർ പറയുന്നു.
ഇതിനിടെ ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റേഷൻ വിട്ടിരുന്നു. തലയ്ക്കേറ്റ മുറിവിൽനിന്ന് രക്തം വാർന്നൊഴുകി മുരളി ബോധരഹിതനായതോടെ ഇല്യാസും മറ്റു യാത്രക്കാരും റെയിൽവേ കൺട്രോൾ റൂമിൽ വിളിച്ച് വിവരമറിയിച്ചു.
ട്രെയിൻ നീലേശ്വരത്ത് എത്തുമ്പോഴേക്കും പോലീസ് ആംബുലൻസുമായി കാത്തുനിന്നാണ് മുരളിയെ ആശുപത്രിയിലെത്തിച്ചത്. ഇല്യാസും ഒപ്പം ഇറങ്ങി.തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ച മുരളിയുടെ തലയിൽ ഏഴു തുന്നിക്കെട്ടുകൾ വേണ്ടിവന്നു.
മംഗളൂരുവിൽ മത്സ്യബന്ധന തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് മുരളിയും ഇല്യാസും. നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പ്രതികളെ കണ്ടെത്താൻ മംഗളൂരു സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
റെയിൽവേ പ്രിൻസിപ്പൽ എസ്ഐ റെജികുമാർ, എസ്ഐ എം.ബി. പ്രകാശൻ, എഎസ്ഐ ഇല്യാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.