പഴയ കൊച്ചിയെ ‘നല്ല കൊച്ചി’യാക്കിയ ഡോൺ ബോസ്കോ സ്നേഹഭവന് 50 വയസ്
Saturday, November 9, 2024 2:10 AM IST
സിജോ പൈനാടത്ത്
കൊച്ചി: ‘കൊച്ചി പഴയ കൊച്ചിയല്ലെ’ന്ന് ഇന്നു പറയുന്നവർ പഴയ കൊച്ചിയെ അധികം അടുത്തറിഞ്ഞിട്ടുണ്ടാകില്ല. ക്രൈം സിനിമയുടെ കടുപ്പവും കറുപ്പുമുള്ള തിരക്കഥകൾ പോലെ പേടിപ്പെടുത്തുന്ന അധ്യായങ്ങളുള്ളൊരു കൊച്ചി....! പഴയ കൊച്ചിയുടെ തെരുവുകൾക്കും ഇരുട്ടു നിറഞ്ഞ വഴിയോരങ്ങൾക്കും അരുതായ്മകളുടെ കഥകൾ ഏറെ പറയാനുണ്ട്.
ആ പഴയ കൊച്ചിയെ നല്ല കൊച്ചിയാക്കി മാറ്റിയ ചരിത്രദൗത്യത്തിൽ പതാകവാഹക സ്ഥാനത്തുള്ള പള്ളുരുത്തി ഡോൺ ബോസ്കോ സ്നേഹഭവന് 50 വയസ്. തെരുവുകളിൽ അപകടകരമായ സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്ന യുവാക്കളെയും കുട്ടികളെയും ബാലഭിക്ഷാടകരെയും പുനരധിവസിപ്പിക്കാനുള്ള മഹിതനിയോഗമേറ്റെടുത്ത സ്നേഹഭവനിലൂടെ അര നൂറ്റാണ്ടുകാലം പുതുജീവിതം സ്വന്തമാക്കിയവർ നൂറുകണക്കിനാണ്.
സലേഷ്യൻ വൈദികരുടെ നേതൃത്വത്തിൽ 1974 മേയ് 26നാണ് പള്ളുരുത്തി ഡോൺ ബോസ്കോ സ്നേഹഭവന് തുടക്കമായത്. കുട്ടികളുടെയും യുവാക്കളുടെയും ഭിക്ഷാടനവും അക്രമങ്ങളും ലഹരി ഉപയോഗവുമെല്ലാം ഉറക്കം കെടുത്തിയ നഗരത്തിന്റെ തെരുവുകളെ മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊച്ചി കോർപറേഷൻ 1973ൽ ബാല യാചക നിരോധനം നടപ്പാക്കി. ഭിക്ഷാടനത്തിലുണ്ടായിരുന്ന കുട്ടികളെ പള്ളുരുത്തിയിൽ കോർപറേഷന്റെ കീഴിലുള്ള റിലീഫ് സെറ്റിൽമെന്റ് സെന്ററിലേക്കാണ് ആദ്യം മാറ്റിപ്പാർപ്പിച്ചത്.
എല്ലാവിഭാഗം ആളുകളും താമസിച്ചിരുന്ന സെന്ററിൽനിന്ന് കുട്ടികളെയും യുവാക്കളെയും പ്രത്യേകമായി സംരക്ഷിച്ചു പാർപ്പിക്കാനാണ് ഡോൺ ബോസ്കോ സ്നേഹഭവൻ തുടങ്ങിയത്. കോർപറേഷന്റെ സജീവമായ പിന്തുണ എക്കാലവും സ്നേഹഭവനുണ്ടായിരുന്നു.
റിലീഫ് സെറ്റിൽമെന്റിലെ കുട്ടികളും യുവാക്കളുമടങ്ങുന്ന 110 പേരെ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. കുട്ടികൾക്കു സ്നേഹവും കുടുംബസമാനമായ അന്തരീക്ഷവും നൽകിയുള്ള സ്നേഹഭവനിലെ ഡോൺ ബോസ്കോ വൈദികരുടെ പരിചരണം അവരുടെ ജീവിതങ്ങൾക്കു വഴിത്തിരിവായി. സലേഷ്യൻ വൈദികരായ ഫാ. വർഗീസ് മേനാച്ചേരി, ഫാ. ഗെസൂ എന്നിവർക്കൊപ്പം അന്നത്തെ മേയർ ടി. കെ. ഹംസക്കുഞ്ഞും സ്നേഹഭവൻ സാക്ഷാത്കരിക്കുന്നതിന് മുഖ്യപങ്ക് വഹിച്ചു.
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളാണ് ഇന്ന് സ്നേഹഭവനിലെ അന്തേവാസികൾ. അവർക്കു നഷ്ടമായ സ്നേഹോഷ്മള കുടുംബാന്തരീക്ഷത്തിനൊപ്പം ആഹാരം, വസ്ത്രം, പാർപ്പിടം, തുടർവിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമുള്ള അവസരങ്ങൾ എന്നിവ സ്നേഹഭവൻ ഒരുക്കുന്നു.
വ്യക്തിത്വവികസന പരിശീലനപരിപാടികൾ, കലാ-കായിക-സംഗീത പരിശീലനങ്ങൾ തുടങ്ങി കുട്ടികളുടെ സമഗ്ര പുനരധിവാസത്തിനാവശ്യമായ പൂർണപിന്തുണ ഇവിടെ നൽകുന്നുണ്ടെന്ന് ഡോൺബോസ്കോ സ്നേഹഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പി.ഡി. തോമസ് പറയുന്നു. സ്നേഹഭവനിലെ കുട്ടികളുടെ ബാൻഡ് സംഘം പ്രസിദ്ധമായിരുന്നു.
കുട്ടികൾക്കും യുവാക്കൾക്കും കരുതലൊരുക്കാനുള്ള ഡോൺ ബോസ്കോ സന്യാസ സമൂഹം കാരിസത്തിനോടു ചേർന്ന് 50 വർഷത്തിനിടെ സ്നേഹഭവന്റെ വ്യത്യസ്ത ശാഖകൾ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ തുടങ്ങി.
എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളുടെ പുനരധിവാസ കേന്ദ്രമായ ഡോൺ ബോസ്കോ ഭവൻ, ബോസ്കോ നഗർ, ബോസ്കോ നിവാസ് ഹൗസിംഗ് കോളനികൾ, ബോസ്കോ നിലയം, കെഎസ്ആർടിസി ബസ്സ്റ്റാൻഡിനടുത്തുള്ള സ്നേഹഭവൻ അനക്സ്, പെൺകുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള വാത്സല്യഭവൻ, എസ്ബിഒ ലൈബ്രറി, സൈക്കോ സോഷ്യൽ സപ്പോർട്ട് സെന്റർ, ഡോൺ ബോസ്കോ വെൽഫെയർ സെന്റർ എന്നിവയെല്ലാം സ്നേഹഭവന്റെ സേവനവഴികളിൽ കൂട്ടിച്ചേർക്കപ്പെട്ട പ്രസ്ഥാനങ്ങളാണ്.
സുവർണജൂബിലി ആഘോഷം ഇന്ന്
കൊച്ചി: ഡോൺ ബോസ്കോ സ്നേഹഭവന്റെ സുവർണജൂബിലി ആഘോഷം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ജൂബിലി സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് ഉദ്ഘാടനം ചെയ്യും.