അധ്യാപകനെ പിരിച്ചുവിട്ടത് നിയമാനുസൃതമെന്ന് വിശദീകരണം
Saturday, November 9, 2024 2:10 AM IST
കണ്ണൂർ: സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം കാന്പസിലെ താത്കാലിക അധ്യാപകനെ പിരിച്ചുവിട്ടത് നിയമാനുസൃതമാണെന്ന് സെന്റർ ഫോർ ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം കാന്പസ് മേധാവി കണ്ണൂർ സർവകലാശാല രജിസ്ട്രാറെ അറിയിച്ചു.
യുജിസി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നതിന്റെ ഭാഗമായാണു താത്കാലിക അധ്യാപകനായ ഷെറിൻ സി. ഏബ്രഹാമിനെ ഒഴിവാക്കിയതെന്നും കോളജ് പറയുന്നു.
യുജിസി യോഗ്യതയുള്ള അധ്യാപകരെ പാലയാട്, മഞ്ചേശ്വരം നിയമപഠന വകുപ്പുകളിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനു പത്രപ്പരസ്യം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 19ന് പാലയാട് കാന്പസിൽ അഭിമുഖം നടത്തുകയും ചെയ്തു.
അഭിമുഖത്തിൽ യോഗ്യതയുള്ള രണ്ടുപേരാണു ഹാജരായത്. അതിൽ ഒന്നാം റാങ്ക് കിട്ടിയ ഒരാൾക്ക് വരാൻ സാധിക്കാത്തതിനാൽ രണ്ടാം റാങ്ക് കിട്ടിയ ആളെ നിയമിക്കുകയും നവംബർ നാലുമുതൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം കാന്പസിൽ ദിവസവേതനാടിസ്ഥാനത്തിൽ ആദ്യം ജോയിൻ ചെയ്ത ഷെറിൻ സി. ഏബ്രഹാമിനെ ഒഴിവാക്കുകയായിരുന്നുവെന്നാണു ഡിപ്പാർട്ട്മെന്റ് മേധാവി രജിസ്ട്രാർക്ക് നൽകിയ നിർദേശത്തിലുള്ളത്.
എന്നാൽ, എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം തയാറാക്കിയ സംഭവത്തിലാണ് അധ്യാപകനെ പിരിച്ചുവിട്ടെന്നാണ് സർവകലാശാല സെനറ്റേഴ്സ് ഫോറം പറയുന്നത്.