വിധി വിരൽതുന്പിൽ; ചേലക്കര രാഷ്ട്രീയച്ചൂടിൽ
സി.എസ്. ദീപു
Monday, November 11, 2024 4:19 AM IST
തൃശൂർ: തേനൂറും ചെങ്ങാലിക്കോടൻ നേന്ത്രനിലൂടെ ഭൗമസൂചികാപദവി സ്വന്തമാക്കിയ ചേലക്കര ആർക്കു മധുരിക്കും? കുത്താന്പുള്ളി കൈത്തറിമുതൽ വരവൂർ ഗോൾഡ് എന്നു വിളിപ്പേരുള്ള കൂർക്കയും തറിയിൽ നെയ്യുന്ന കിള്ളിമംഗലം പുൽപ്പായയുമടക്കം പാരന്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കലകളുടെയും ഭാഷാവൈവിധ്യത്തിന്റെയും പെരുമകൾ നിറയെയുള്ള നാട്. വേലയും പൂരവും പെരുന്നാളും വെടിക്കെട്ടുമെല്ലാം മനംനിറഞ്ഞാസ്വദിച്ച നാടിന് മറ്റൊരു ആഘോഷമേകാൻ കൊട്ടിക്കലാശത്തിന്റെ ഒരുക്കത്തിലാണ് മുന്നണികൾ.
വാശിയോടെ പ്രചാരണം തുടങ്ങിയതുമുതൽ രാപകൽ അറിഞ്ഞിട്ടില്ല ഈ മലയോരനാട്. അന്തിയാകുന്പോൾ അടച്ചുപൂട്ടിയിരുന്ന കടകളിലെല്ലാം വെളുക്കുവോളം തിരക്ക്. നേതാക്കൾ തന്പടിക്കുന്ന ടൗണുകളിലും കവലകളിലും നിറയെ തട്ടുകടകൾ. പകലത്തെ ചൂടിനും രാത്രിയിലെ മഞ്ഞുകലർന്ന തണുപ്പിനും പ്രചാരണത്തിന്റെ വാശി കെടുത്താനായില്ല.
പാലക്കാട്ടെ തെരഞ്ഞെടുപ്പു നീട്ടിയതോടെ ചേലക്കരയിലേക്കാണ് നേതാക്കളുടെ ഒഴുക്ക്. ഒരുവശത്ത് മുൻനിര നേതാക്കളുടെ പ്രചാരണം കൊഴുക്കുന്പോൾ മറുവശത്ത് ചേലക്കരയിൽ വോട്ടുള്ള, മണ്ഡലത്തിനു പുറത്തുള്ളവരെ എത്തിക്കാനുള്ള നീക്കങ്ങളും തുടങ്ങി. പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം മണ്ഡലത്തിൽ പുതുതായി ചേർത്ത പതിനായിരത്തോളം വോട്ടുകളും നിർണായകം. പ്രചാരണം ഇന്നു വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശിക്കും. നാളെ നിശബ്ദ പ്രചാരണം. 13ന് തെരഞ്ഞെടുപ്പ്.
സിറ്റിംഗ് സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് വൈകിയാണു പ്രചാരണം തുടങ്ങിയതെങ്കിലും ഒന്പതു പഞ്ചായത്തുകളിലും മൂന്നുവട്ടം പ്രചാരണം പൂത്തിയാക്കി. ഒരുവട്ടം മണ്ഡലത്തിൽ സൗഹൃദസന്ദർശനവും നടത്തി. നാട്ടുകാർക്കു സുപരിചിതനായ പ്രദീപിനായി 22 മേഖലാ കമ്മിറ്റികളും 177 ബൂത്ത് കമ്മിറ്റികളുമാണ് പ്രവർത്തിക്കുന്നത്. എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും ബിനോയ് വിശ്വവുമടക്കം മണ്ഡലത്തിൽ ക്യാന്പ് ചെയ്താണ് ഏകോപനം. മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തി. സമൂഹമാധ്യമങ്ങളുടെ ചുമതലക്കാരടക്കം നൂറുകണക്കിനുപേർ പിന്നണിയിലുമുണ്ട്.
ചേലക്കരയിൽ 180 പോളിംഗ് ബൂത്തുകളുണ്ട്. ഇവിടെല്ലാം തെരഞ്ഞെടുപ്പു കമ്മിറ്റികൾ രൂപീകരിച്ചു പ്രചാരണം സംഘടിപ്പിക്കാൻ യുഡിഎഫിനു കഴിഞ്ഞു. സ്ഥാനാർഥി പര്യടനത്തിന്റെ ചുമതല താഴേത്തട്ടിൽ ഏൽപ്പിച്ചശേഷം കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും സംസ്ഥാന- ദേശീയ നേതാക്കൾ സജീവമായി. കോണ്ഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ഊർജിതമായ ഏകോപനവും മണ്ഡലത്തിലുണ്ട്. തൃശൂർ പാർലമെന്റ് തെരഞ്ഞെടുപ്പു തോൽവിയുടെപേരിൽ പഴികേട്ടവരെല്ലാം അണിയറയിലെ ചുമതലകളാണ് ഏറ്റെടുത്തത്. നാട്ടുകാരെ കൈയിലെടുത്തുള്ള രമ്യ ഹരിദാസിന്റെ പ്രചാരണരീതിയിലും നേതാക്കൾക്കു പൂർണതൃപ്തി.
വികസനത്തിനൊപ്പം വിശ്വാസ പ്രശ്നങ്ങളും ഏറ്റെടുത്താണ് ബിജെപിയുടെ തുടക്കംമുതലുള്ള പ്രചാരണം. ആദ്യഘട്ടത്തിൽ പൂരം പ്രതിസന്ധിയായിരുന്നെങ്കിൽ പിന്നീട് വെടിക്കെട്ടിലേക്കും ആനയെഴുന്നള്ളിപ്പിലെ അമിക്കസ്ക്യൂറി റിപ്പോർട്ടിലേക്കും ഒടുവിൽ അന്തിമഹാകാളൻകാവ് വേലയുടെ വെടിക്കെട്ട് പ്രതിസന്ധിയിലേക്കും എത്തിനിൽക്കുന്നു കാര്യങ്ങൾ.
രണ്ടു വർഷമായി കാവിലെ വെടിക്കെട്ടു മുടങ്ങിയതു തുരുപ്പുചീട്ടാക്കിയാണ് അവസാന ലാപ്പിലെ ബിജെപി നീക്കങ്ങൾ. കൊടകര കുഴൽപ്പണവിവാദം അണികൾക്കിടയിൽ ചർച്ചയാവാതിരിക്കാനും ശ്രദ്ധിച്ചു. കെ. ബാലകൃഷ്ണനിലൂടെ ത്രികോണമത്സരത്തിന്റെ സ്വഭാവത്തിലേക്കു മണ്ഡലം എത്തി.
ഡിഎംകെയുടെ സ്ഥാനാർഥിയായി എഐസിസി അംഗവും ദളിത് കോണ്ഗ്രസ് നേതാവുമായിരുന്ന എൻ.കെ. സുധീർ രംഗത്തിറങ്ങി.
പ്രചാരണ കോലാഹലത്തിന്റെ മുൻപന്തിയിൽ ഇല്ലെങ്കിലും ഇടയ്ക്കിടെ വിവാദങ്ങളുണ്ടാക്കി സാന്നിധ്യമറിയിക്കാൻ സുധീറിനെ ഇറക്കിയ പി.വി. അൻവറിനു കഴിഞ്ഞു. ആശുപത്രിയിൽ ഡോക്ടർമാരില്ലാത്തതും ലൈഫ് പദ്ധതിയുടെ പരാജയവുമൊക്കെ ചർച്ചയായി. ചില ന്യൂനപക്ഷ സംഘടനകളുടെ വോട്ടുറപ്പിക്കാനുള്ള ചർച്ചകളും നടന്നു. മറ്റു സ്വതന്ത്രന്മാരെ ഒഴിച്ചുനിർത്തിയാലും സുധീർ പിടിക്കുന്ന വോട്ടുകൾ ഇരുമുന്നണിക്കും ഭീഷണിയാകും.
തമിഴും തെലുങ്കും ഹിന്ദിയുമടക്കം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരുടെ സംഗമഭൂമിയാണ് ചേലക്കര. നൂറ്റാണ്ടുകൾക്കുമുന്പ് കച്ചവടത്തിനും മറ്റുമായി എത്തിയവരുടെ പിൻതലമുറക്കാർ. ദേവാംഗ സമുദായത്തിൽപ്പെട്ട അഞ്ഞൂറോളം വീടുകളുള്ള കുത്താന്പുള്ളി നെയ്ത്തുഗ്രാമവും തെലുങ്കുചെട്ടി സമുദായത്തിൽപെടുന്ന നിരവധി വീടുകളും മണ്ഡലത്തിലുണ്ട്. അതതു ഭാഷ സംസാരിക്കാൻ കഴിയുന്നവരെ പുറത്തുനിന്നെത്തിച്ചും പ്രചാരണം കൊഴുപ്പിച്ചു.
സഹതാപ തരംഗമില്ല
നേതാക്കളുടെ മരണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പു നടന്ന തൃക്കാക്കരയിലും പുതുപ്പള്ളിയിലും അതിനുമുന്പ് അരുവിക്കരയിലുമുണ്ടായ സഹതാപതരംഗത്തിന്റെ ആനുകൂല്യം ചേലക്കരയിലില്ല. വിളിച്ചുവരുത്തിയ തെരഞ്ഞെടുപ്പെന്നു യുഡിഎഫിനും എൽഡിഎഫിനും പരസ്പരം പഴിക്കാനും കഴിയില്ല. രാഷ്ട്രീയനിലപാടുകളും സമുദായ പ്രശ്നങ്ങളും വിവാദങ്ങളുമാണ് ഇവിടെ ചർച്ച.
എൽഡിഎഫിനെ പ്രതിരോധത്തിലാക്കി പൂരം വിവാദങ്ങളും കരുവന്നൂർ അടക്കമുള്ള തട്ടിപ്പുകളും എഡിഎം ജീവനൊടുക്കിയതുമൊ ക്കെ ഉയർന്നെങ്കിൽ യുഡിഎഫിന് നേതാക്കളുടെ വിമതസ്വരംമുതൽ കള്ളപ്പണം വിവാദംവരെയുള്ളവയ്ക്കു മറുപടി പറയേണ്ടിവന്നു. ബിജെപിക്കു കൊടകര കുഴൽപ്പണവിവാദമുണ്ടാക്കിയ ക്ഷീണവും ചെറുതല്ല. ശോഭ സുരേന്ദ്രനും സന്ദീപ് വാര്യരും അടക്കമുള്ള നേതാക്കൾ പ്രചാരണത്തിൽനിന്നു വിട്ടുനിന്നതും ചർച്ചയായി. കുടിവെള്ളക്ഷാമം, വികസന മുരടിപ്പ്, ആരോഗ്യ മേഖലയിലെ അപര്യാപ്തതകൾ, പൊട്ടിപ്പൊളിഞ്ഞ ഇടറോഡുകൾ, വന്യമൃഗശല്യം എന്നിവയടക്കം ജനങ്ങൾ ചോദ്യങ്ങളായി ഉയർത്തി.
എത്തിച്ചേർന്നിട്ടില്ലാത്ത മേഖലകളിൽ അവസാനവട്ട സന്ദർശനത്തിലായിരുന്നു ഇന്നലെ സ്ഥാനാർഥികൾ. ഒരോവോട്ടും തരംതരിച്ചുള്ള കണക്കുകൂട്ടലിൽ വാർ റൂമുകളും സജീവമായി. ഇന്നുച്ചയോടെ പരാമാവധി എല്ലായിടത്തും സ്ഥാനാർഥികൾ എത്തിച്ചേരും. ഉച്ചകഴിഞ്ഞാൽ കൊട്ടിക്കലാശത്തിനുള്ള ഒരുക്കങ്ങൾ.
തൃശൂർ, പാലക്കാട് ജില്ലാ അതിർത്തി മണ്ഡലമായതിനാൽ രണ്ടിടത്തുനിന്നും പ്രവർത്തകർ ആവേശത്തോടെ പങ്കെടുക്കും. ഇന്നു രാത്രിമുതൽ സ്വകാര്യ സന്ദർശനങ്ങളിലേക്കു സ്ഥാനാർഥികൾ കടക്കും. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ദിശ നിശ്ചയിക്കുന്ന ജനവിധിയാകും ഇതെന്നു മൂന്നു മുന്നണികളും വ്യക്തമാക്കിയിട്ടുണ്ട്. പ്രചാരണത്തിലെ പോരാട്ടം ഇഞ്ചോടിഞ്ചാണ്. വിധി ജനങ്ങളുടെ വിരൽത്തുന്പിലും.