സ്കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ടു പേർ മരിച്ചു
Tuesday, November 12, 2024 1:50 AM IST
ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല സിഎംഎസിനു സമീപം സ്കൂട്ടറില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിടിച്ച് ബന്ധുക്കളായ രണ്ടു പേര് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാര്‍ഡ് പറമ്പടച്ചിറ മുരുകേശന് (43), ഭാര്യാ സഹോദരന് ശിവകുമാര്‍ (28) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. പെയിന്റിംഗ് തൊഴിലാളിയായിരുന്ന മുരുകേശനും ശിവകുമാറും കഞ്ഞിക്കുഴിയില്‍നിന്നു തൃശൂരിലേക്കു സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം.
കോഴിക്കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് ഇടിച്ചത്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഈഭാഗത്ത് ഒറ്റവരിപാതിയിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ദേശീയപാതയിലെ ഒറ്റവരിപാതയിലൂടെ വേഗതയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡില്‍ തെറിച്ചുവീണു. മരിച്ച മുരുകേശനും ശിവകുമാറും തമിഴ്നാട് സ്വദേശികളായിരുന്നു.
മുരുകേശന് വര്‍ഷങ്ങളായി കഞ്ഞിക്കുഴിയില്‍ സ്ഥിരതാമസമാണ്. വിദേശത്തായിരുന്ന ശിവകുമാര്‍ ഒരുമാസം മുമ്പാണ് ഇവര്‍ക്കൊപ്പമെത്തിയത്.
നിലവില്‍ ചേര്‍ത്തലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍. സംസ്കാരം ഇന്ന് കഞ്ഞിക്കുഴിയിലെ വീട്ടുവളപ്പില്‍. സിന്ധുവാണ് മുരുകേശന്റെ ഭാര്യ. മക്കള്‍: ഐശ്വര്യ, അഞ്ജു.