വീണ്ടും വിമര്‍ശനവുമായി എൻ. പ്രശാന്ത്
സ്വന്തം ലേഖകന്‍
Monday, November 11, 2024 4:19 AM IST
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത്.
കല്പിക്കുന്ന തരത്തില്‍ ഫയലില്‍ എഴുതാന്‍ വിസമ്മതിച്ചിട്ടുള്ള എത്ര കീഴുദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് ഇടനാഴിയില്‍ വെറുതെ നടന്നാല്‍ കേള്‍ക്കാമെന്ന വിമര്‍ശനമാണ് പ്രശാന്ത് ഇന്നലെ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ജയതിലകിനെ മാടമ്പള്ളിയിലെ മനോരോഗിയെന്ന് അ ധിക്ഷേപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിപ്പ് ഇട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരേ സര്‍ക്കാര്‍ നടപടി ആലോചിക്കുന്നതിനിടെയാണ് വീണ്ടും കടുത്ത വിമര്‍ശനവുമായി പ്ര ശാന്ത് രംഗത്തെത്തിയത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതില്‍ പ്രശാന്ത് വില്ലന്‍ റോളില്‍ പ്രവര്‍ത്തിച്ചെന്നും വഞ്ചനയുടെ പര്യായമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നുമുള്ള ആരോപണവുമായി മുന്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ രംഗത്തുവന്നു."ആരാണ് അവര്‍’ എന്ന പരിഹാസം നിറഞ്ഞ മറുചോദ്യമായിരുന്നു പ്രശാന്തിന്റെ മറുപടി.
ഭരണഘടനയുടെ 311 -ാം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഐഎഎസുകാരനാണെങ്കിലും ധൈര്യപൂര്‍വം ഒരു വിസില്‍ ബ്ലോവര്‍ ആയേ പറ്റുവെന്നും പ്രശാന്ത് പറഞ്ഞു.
അഞ്ചുകൊല്ലം നിയമം പഠിച്ച തനിക്ക് സര്‍വീസ് ചട്ടങ്ങളെക്കുറിച്ചുള്ള ഉപദേശം വേണ്ട. വ്യാജ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുകയും ഫയലുകള്‍ അപ്രത്യക്ഷമാക്കുകയും വാട്സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവില്‍ സര്‍വീസില്‍ ഉണ്ടെന്നത് ലജ്ജാവഹമാണ്. വിവരങ്ങള്‍ പുറത്തുവരുന്നതില്‍ എന്തിനാണ് ഭയം? ഇതേ പേജില്‍ എല്ലാ വിവരങ്ങളും വരും.
ഒരു വിസില്‍ ബ്ലോവര്‍ക്ക് ചട്ടപ്രകാരം കിട്ടേണ്ടുന്ന എല്ലാ സംരക്ഷണവും സുരക്ഷയും ഞാന്‍ പ്രതീക്ഷിക്കുന്നതായും പ്രശാന്തിന്റെ സമൂഹ മാധ്യമ കുറിപ്പില്‍ പറയുന്നു.
അഡീഷണൽ സെക്രട്ടറിയെ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്ന്
തിരുവനന്തപുരം: പുഴ സംരക്ഷണത്തിനായി അനുവദിച്ച ഫണ്ട് വകമാറ്റിയ കോഴിക്കോട് മുൻ കളക്ടർ എൻ. പ്രശാന്തിനെതിരേ റിപ്പോർട്ട് എഴുതിയ അഡീഷണൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് മുൻ ധനമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ വെളിപ്പെടുത്തൽ.
പ്രശാന്ത് കോഴിക്കോട് കളക്ടറായിരിക്കേ ഫണ്ട് വകമാറ്റി കാർ വാങ്ങിയതിന്റെ റിപ്പോർട്ട് തയാറാക്കിയ അഡീഷണൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.
അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ധനകാര്യ പരിശോധനാ വിഭാഗം തയാറാക്കിയ റിപ്പോർട്ടിലാണ് പുഴ സംരക്ഷണത്തിനുള്ള ഫണ്ട് എടുത്ത് കാർ വാങ്ങിയതു കണ്ടെത്തിയത്. ഈ അഡീഷണൽ സെക്രട്ടറിയെ പ്രശാന്ത് വിളിച്ചു കൈകാര്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങൾ പിന്തുണ നൽകിയതിനാലാണ് അന്ന് അഡീഷണൽ സെക്രട്ടറിക്കെതിരേ പ്രശാന്തിന്റെ ഭീഷണി നടപ്പാക്കാതിരുന്നതെന്നും ഗോപകുമാർ പറഞ്ഞു.