കൊച്ചിയുടെ ഓളപ്പരപ്പില്‍ ജലവിമാനം
Monday, November 11, 2024 4:19 AM IST
കൊച്ചി: കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതുകുതിപ്പേകാന് ജലവിമാനം (സീപ്ലെയിന്‍) കൊച്ചിയുടെ ഓളപ്പരപ്പില്‍ പറന്നിറങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.13ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ജലവിമാനം 3.28 ന് കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ ലാന്‍ഡ് ചെയ്തു.
മൂന്നുവട്ടം കായലിന് ചുറ്റും പറന്നതിനുശേഷമാണ് ബോൾഗാട്ടി മറീനയില്‍ ലാന്‍ഡ് ചെയ്തത്. ബോള്‍ഗാട്ടിയില്‍നിന്ന് മാട്ടുപ്പെട്ടി റിസര്‍വോയറിലേക്കുള്ള സര്‍വീസിന്റെ പരീക്ഷണപ്പറക്കല്‍ ഇന്ന് നടക്കും. രാവിലെ 10.30ന് എറണാകുളം ബോള്‍ഗാട്ടിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്നലെ രാവിലെ 11ന് വിജയവാഡയില്‍ നിന്ന് പുറപ്പെട്ട ജലവിമാനം ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചി വിമാനത്താവളത്തിലിറങ്ങി. ജലസല്യൂട്ട് നൽകി സിയാൽ ജലവിമാനത്തെ സ്വീകരിച്ചു. തുടര്‍ന്ന് ഇന്ധനം നിറച്ച ശേഷം ബോള്‍ഗാട്ടിയിലേക്ക് പുറപ്പെട്ടു. ഡി ഹാവ് ലാന്‍ഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയിനാണ് കൊച്ചിയില്‍ എത്തിയത്. കനേഡിയന്‍ പൗരന്മാരായ ഡാനിയല്‍ മോണ്ട്ഗോമെറി, റോഡ്ഗര്‍ ബ്രിന്‍ഡ്ജര്‍ എന്നിവരാണ് പൈലറ്റുമാര്‍.
യോഗേഷ് ഗാര്‍ഗ്, സന്ദീപ് ദാസ്, സയ്യിദ് കമ്രാന്‍ ഹുസൈന്, മോഹന്‍ സിംഗ് എന്നിവർ ക്രൂ അംഗങ്ങളും. കൊച്ചി വിമാനത്താവളം ഡയറക്ടര്‍ ജി. മനുവും സീപ്ലെയിനിലുണ്ടായിരുന്നു. മറീനയിലെത്തിയ ജലവിമാനത്തിലെ ക്യാബിന് ക്രൂ അംഗങ്ങളെ ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ബോട്ടുകള്‍ക്ക് നിയന്ത്രണം
കൊച്ചി: ബോള്‍ഗാട്ടിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പരീക്ഷണപ്പറക്കല്‍ നടത്തുന്ന സീപ്ലെയിനിന്റെ ഫ്ളാഗ് ഓഫ് നടക്കുന്നതിനാല്‍ ഇന്നു രാവിലെ ഒമ്പത് മുതല്‍ 11 വരെ ബോട്ടുകള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കും. മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകള്‍, കെഎസ്ഐഎന്‍സി ബോട്ട്, വാട്ടര്‍ മെട്രോ, തുടങ്ങിയവയ്ക്കെല്ലാം കര്‍ശന നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.