നവീൻ ബാബു കൈക്കൂലി വാങ്ങിയോ? നിജസ്ഥിതി പുറത്തുവരണമെന്ന് എം.വി. ജയരാജൻ
Monday, November 11, 2024 4:19 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. എഡിഎമ്മിന്റെ കുടുംബത്തോടുള്ള എല്ലാവിധ ഐക്യദാർഢ്യവും പാർട്ടി പ്രകടിപ്പിച്ചിട്ടുണ്ട്. ദിവ്യക്കെതിരേ സ്വീകരിച്ചത് പാർട്ടി നടപടി മാത്രമാണ്.
പാർട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞുവെന്നു പറയുന്നതെന്നും ജയരാജൻ ചോദിച്ചു. കണ്ണൂർ പെരിങ്ങോം ഏരിയാസമ്മേളനത്തിലാണ് എം.വി. ജയരാജന്റെ പരാമർശം.
നവീനുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണം ഇതുവരെ പാർട്ടി അംഗീകരിച്ചിരുന്നില്ല. പത്തനംതിട്ടയിലെ ജില്ലാ സെക്രട്ടറിയടക്കം നവീന് ക്ലീൻചിറ്റ് നൽകിയിരുന്നു. ഇതു മറന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ദിവ്യയുടെ ആരോപണം പൊതുവിഷയമായി ഉയർത്തിയിരിക്കുന്നത്.