സർവകക്ഷിയോഗം വിളിക്കണമെന്ന് വി.എം. സുധീരൻ
Tuesday, November 12, 2024 1:50 AM IST
തിരുവനന്തപുരം: മുനന്പം വിഷയത്തിൽ അടിയന്തര സാഹചര്യം തെരഞ്ഞെടുപ്പു കമ്മീഷനെ ബോധ്യപ്പെടുത്തി സർവകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്കു കത്ത് അയച്ചു.
പൊതുസമൂഹത്തിന്റെ സന്പൂർണ പിന്തുണയോടുകൂടി സ്വന്തം ഭൂമി സംരക്ഷിക്കുന്നതിനു മുനന്പം നിവാസികൾ നടത്തിവരുന്ന നീതിക്കുവേണ്ടിയുള്ള സമരത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.
സമരസമിതി പ്രതിനിധികളെയും സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കണം. സർവകക്ഷിയോഗം വിളിക്കുന്നതു വൈകുംതോറും നിക്ഷിപ്തതാത്പര്യക്കാരുടെ അനഭിലഷണീയമായ ഇടപെടൽ ശക്തിപ്പെടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കു കളമൊരുക്കാനുള്ള ആപത്കരമായ നീക്കങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി.