ആദിവാസി ഊരില്‍ വോട്ട് തേടിപ്പോയ മന്ത്രി ചങ്ങാടത്തില്‍ കുടുങ്ങിയത് അരമണിക്കൂര്‍
Monday, November 11, 2024 4:19 AM IST
എടക്കര: വയനാട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിക്കുവേണ്ടി ആദിവാസി ഊരില്‍ വോട്ട് തേടിപ്പോയ പട്ടികജാതി-വര്‍ഗ വികസന വകുപ്പ് മന്ത്രി അരമണിക്കൂറോളം പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി.
മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി ഊരിലേക്ക് ഇടത് സ്ഥാനാര്‍ഥി സത്യന് മൊകേരിക്കുവേണ്ടി വോട്ട് തേടിയിറങ്ങിയ മന്ത്രി ഒ.ആര്. കേളുവാണ് ഊരിലേക്കെത്താന്‍ പുന്നപ്പുഴ കടക്കുന്നതിനിടെ അരമണിക്കൂറോളം ചങ്ങാടത്തില്‍ കുടുങ്ങിയത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണു മന്ത്രിയും മറ്റ് നേതാക്കളും ഇവിടെയെത്തിയത്. നാലു പേര്‍ക്ക് പുഴ കടക്കാവുന്ന ചങ്ങാടത്തില്‍ പത്തോളം പേര് കയറി. ഭാരം കൂടിയതോടെ പുഴയിലെ കല്ലില്‍ തട്ടി നിന്ന ചങ്ങാടം മുന്നോട്ടു നീങ്ങിയില്ല. പുഞ്ചക്കൊല്ലി ഊരിലെ ആദിവാസികളാണു ചങ്ങാടം തുഴഞ്ഞത്. അരമണിക്കൂറിലേറെ മന്ത്രിയും നേതാക്കളും മന്ത്രിക്ക് അകമ്പടി സേവിച്ച പോലീസും തണ്ടര്‍ബോള്‍ട്ട് സേനയും വനം ജീവനക്കാരും ദുരിതത്തിലായി.
തുടര്‍ന്ന് ചങ്ങാടത്തില്‍നിന്ന് ആളുകളെ ഇറക്കിയശേഷമാണ് മന്ത്രിക്കു പുഴ കടക്കാനായത്. പിന്നീട് മന്ത്രി ആദിവാസി ഊരിലെത്തി ഇടതുസ്ഥാനാര്‍ഥിക്ക് വോട്ട് നല്കാന് അഭ്യര്‍ഥിച്ചാണു മടങ്ങിയത്.
2019ലെ പ്രളയത്തിലാണ് പുഞ്ചക്കൊല്ലി, അളയ്ക്കല്‍ ഊരുകളിലെ ആദിവാസികളുടെ ഏകയാത്രാമാര്‍ഗമായ പുന്നപ്പുഴയ്ക്കു കുറുകെയുള്ള നടപ്പാലം തകര്‍ന്നത്. ഇതോടെ പുറംലോകവുമായി ബന്ധപ്പെടാന്‍ ആദിവാസികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി ദുരിതമനുഭവിക്കുകയാണ്. പോത്തുകല്ല് പഞ്ചായത്തിൽ ചാലിയാര്‍ പുഴയ്ക്ക് അക്കരെയുള്ള അഞ്ച് ആദിവാസി ഊരുകളുടെയും അവസ്ഥ ഇതുതന്നെയാണ്.