മുനമ്പത്ത് നീതി ഉറപ്പാക്കണം: കേരള കോണ്‍ഗ്രസ്-എം
Tuesday, November 12, 2024 1:50 AM IST
കോട്ടയം: മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയംഗം ജോബ് മൈക്കിള്‍ എംഎല്‍എ. മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കേരള കോണ്‍ഗ്രസ് എം സംഘടിപ്പിക്കുന്ന നീതി ജ്വാലയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവിധ കുടിയിറക്കങ്ങളെയും കുടിയൊഴിപ്പിക്കലുകളെയും അതിശക്തമായി എതിര്‍ത്തിട്ടുള്ള നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളതെന്നു പറഞ്ഞ അദ്ദേഹം മുനമ്പത്തിന്റെ കാര്യത്തിലും ഈ നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും വ്യക്തമാക്കി.
വഖഫ് നിയമ ഭേദഗതികളില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജോബ് മൈക്കിള്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു.
സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാല,ഔസേപ്പച്ചന് വാളിപ്ലാക്കല്‍,ജോസഫ് ചാമക്കാല, സിറിയക് ചാഴികാടന്, ജോജി കുറത്തിയാടാന്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ജോസ് ഇടവഴിക്കല്‍, പി.സി. കുര്യന്, റാണി ജോസ്, മാത്തുക്കുട്ടി കുഴിഞ്ഞാലി, രാജു ആലപ്പാട്ട്, ബിജു ചക്കാല എന്നിവര്‍ പ്രസംഗിച്ചു.