ബാലഭാസ്കറിന്റെ മരണം: സ്വര്ണക്കടത്തുബന്ധം ഉണ്ടോയെന്ന് തുടരന്വേഷണം വേണം: ഹൈക്കോടതി
Friday, October 6, 2023 1:34 AM IST
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തിനു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് സിബിഐ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി.
സിബിഐ മൂന്നു മാസത്തിനകം തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും സ്വര്‍ണക്കടത്തുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നു പ്രത്യേകം അന്വേഷിക്കണമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശം നല്കി.
ബാലഭാസ്കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണി, ബി. ശാന്തകുമാരി എന്നിവരും കേസിലെ സാക്ഷി സോബി ജോര്‍ജും നല്കിയ ഹര്‍ജികളിലാണ് ഉത്തരവ്. സംഭവത്തില്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ച സംശയങ്ങളില്‍ 20 എണ്ണം പ്രാധാന്യമുള്ളതാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി തുടരന്വേഷണത്തിനു നിര്‍ദേശിച്ചത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ 3.30നായിരുന്നു അപകടം.
ബാലഭാസ്കറും കുടുംബവും വടക്കുംനാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു വരുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിനു സമീപം ഇവരുടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. ബാലഭാസ്കറും മകള്‍ തേജസ്വിനിയും അപകടത്തില്‍ മരിച്ചു. ഭാര്യ ലക്ഷ്മിയും കാര്‍ ഡ്രൈവര്‍ അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു.
2021 ജനുവരി 27ന് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇതൊരു റോഡപകടമാണെന്നു അന്തിമ റിപ്പോര്‍ട്ടും നല്കി. തുടരന്വേഷണം വേണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതു തള്ളി. തുടര്‍ന്നാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.