നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം അംഗത്തിനെതിരേ പോക്സോ കേസ്
Wednesday, January 22, 2025 2:35 AM IST
നെടുമ്പാശേരി : നാല് വയസുകാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ ചെങ്ങമനാട് പോലീസ് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിനെതിരേ കേസെടുത്തു. സിപിഎം തേലത്തുരുത്ത് ബ്രാഞ്ച് കമ്മിറ്റിയംഗം ബി.കെ. സുബ്രമണ്യനെതിരേ (55)ആണ് ചെങ്ങമനാട് പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
പീഡനത്തെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതയും പരിഭ്രാന്തിയും അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി വ്യക്തമായതോടെയാണു കേസെടുത്ത് ചെങ്ങമനാട് പോലീസ് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിനുശേഷം ഇയാൾ ഒളിവിലാണ്. അതിനിടെ പ്രതിയുടെ അറസ്റ്റ് വൈകുന്നതായും, സിപിഎമ്മും പോലീസും തമ്മിലുള്ള ഒത്തുകളിയാണെന്നും ആരോപിച്ച് തേലത്തുരുത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.