നഗ്നതാ പ്രദര്‍ശനം: മാപ്പു പറഞ്ഞ് വിനായകന്
Wednesday, January 22, 2025 2:35 AM IST
കൊച്ചി: ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യം പറയുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ മാപ്പു പറഞ്ഞ് നടന് വിനായകന്.
സിനിമാനടന് എന്നനിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ തനിക്കു പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജിക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് വിനായകന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രതികരിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ തുടരട്ടേയെന്നും പോസ്റ്റിലുണ്ട്.
നടന് അയല്‍വാസികളോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലാണു വീഡിയോ പ്രചരിച്ചത്. നടന് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന രീതിയിലും പ്രചാരണം നടന്നിരുന്നു. ഇത്തരത്തില്‍ പ്രചരിച്ച ചില സ്ക്രീന്‍ ഷോട്ടുകള്‍ വിനായകന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിനായകന് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
അതേസമയം സംഭവത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബി. സജീഷ് കുമാര്‍ പറഞ്ഞു.
മുമ്പും വിനായകന് പലതവണ വിവാദങ്ങളില്‍പ്പെട്ടിരുന്നു. ഫ്ലാറ്റിനു പുറത്തുനിന്ന് നടന് അസഭ്യവര്‍ഷം നടത്തുന്ന വീഡിയോകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്.
മുന്‍പ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
അന്ന് സിഐഎസ്എഫ് വിനായകനെ കസ്റ്റഡിയിലെടുത്ത് എയര്‍പോര്‍ട്ട് പോലീസിന് കൈമാറിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടനെ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവായി പോലീസ് പിടിച്ചെടുക്കുകയുണ്ടായി.