സംസ്ഥാനതലത്തില്‍ ഉപഭോക്തൃ സംരക്ഷണ കൗണ്‍സില്‍ നിലവില്‍വന്നതായി സര്‍ക്കാര്‍
Saturday, November 2, 2024 1:14 AM IST
കൊച്ചി: സംസ്ഥാനതലത്തില്‍ ഉപഭോക്തൃ സംരക്ഷണ കൗണ്‍സില്‍ നിലവില്‍ വന്നതായി സര്‍ക്കാര്‍ ഹൈകോടതിയില്‍.
സംസ്ഥാനതല ഉപഭോക്തൃ കമ്മീഷനുകളിലെ പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും ഒഴിവുകളിലേക്കുള്ള നിയമനനടപടികള്‍ 2025 ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കാനാകുമെന്നും ഉപഭോക്തൃ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്.ആര്. ബിന്ദു ഹൈക്കോടതിയില്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നു.
സംസ്ഥാന, ജില്ലാതല കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലുകള്‍ എന്നു രൂപീകരിക്കാനാകുമെന്ന് രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്ന് കഴിഞ്ഞദിവസം സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
സംസ്ഥാന, ജില്ലാതല ഉപഭോക്തൃ കമ്മീഷനുകളുടെ അടിസ്ഥാന സൗകര്യമില്ലായ്മയും ജീവനക്കാരുടെ അപര്യാപ്തതയുമടക്കം ചൂണ്ടിക്കാട്ടി അഭിഭാഷക പരിഷത്ത് കൊല്ലം ജില്ലാ സെക്രട്ടറി സി.കെ. മിത്രന് നല്കിയ ഹര്‍ജിയിലായിരുന്നു നിര്‍ദേശം.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഉപഭോക്തൃ സംരക്ഷണ കൗണ്‍സില്‍ രൂപവത്കരണം പൂര്‍ത്തിയായത്. കോട്ടയം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അവസാനഘട്ടത്തിലാണ്.