യജമാനൻമാരെന്ന ഭാവത്തിൽ പ്രവർത്തിക്കുന്ന പോലീസുകാരെ വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി
Saturday, November 2, 2024 1:14 AM IST
തിരുവനന്തപുരം: ജനങ്ങളുടെ സേവകരാകേണ്ടതിനു പകരം യജമാനൻമാരെന്ന ഭാവത്തിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളപ്പിറവി ദിനാഘോഷത്തിന്റെയും കേരള പോലീസ് രൂപവത്കരണ ദിനാഘോഷത്തിന്റെയും ഭാഗമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്ന പോലീസുകാരെ നിരീക്ഷിക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. സേനയെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തി ചെയ്യുന്നവർക്ക് സ്ഥാനമുണ്ടാകില്ല. ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച സേവനം കാഴ്ചവച്ച 257 പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മെഡലുകൾ വിതരണം ചെയ്തു. വിജിലൻസ്, ക്രൈംബ്രാഞ്ച്, ഡിജിപിതല അന്വേഷണം നേരിടുന്ന എഡിജിപി എം.ആർ. അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്നലെ നടന്ന ചടങ്ങിൽ നൽകിയില്ല.
നേരത്തേ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എഡിജിപി അജിത്കുമാറിന് പ്രഖ്യാപിച്ചിരുന്നെങ്കിലും ത്രിതല അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ തത്കാലം നൽകേണ്ടതില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശയെ തുടർന്നാണിത്. ഡിവൈഎസ്പി കെ.ജി. അനീഷിനും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കൈമാറിയില്ല.
ഇദ്ദേഹത്തിന് നേരത്തേയും മെഡൽ ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത്. പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് സേനാംഗങ്ങളുടെ ഗാർഡ് ഓഫ് ഓണറും സ്വീകരിച്ചു.