ട്രേഡിംഗ് കെണിയിൽ നഷ്ടം ഒന്നരക്കോടി
Saturday, November 2, 2024 1:14 AM IST
സി.എസ്. ദീപു
തൃശൂർ: ഓഹരിവ്യാപാരത്തിലൂടെ വൻലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചു കോടികളുടെ തട്ടിപ്പു തുടരുന്നു. ഒറ്റയടിക്കു വൻലാഭമുണ്ടാക്കാമെന്നു കരുതി നിക്ഷേപിച്ചവർക്കാണു വൻതുകകൾ നഷ്ടമായത്.
ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണു തട്ടിപ്പു തുടരാൻ കാരണമെന്നു പോലീസ് പറയുന്നു. പണം നഷ്ടമായാൽ ഉടൻ പരാതിനൽകാൻ തയാറാകണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തൃശൂർ ജില്ലയിൽ കഴിഞ്ഞ മാസം 18 മുതൽ പത്തു ദിവസത്തിനിടെ സ്ത്രീകളടക്കമുള്ളവരിൽനിന്നു നഷ്ടപ്പെട്ടത് ഒന്നരക്കോടിയോളം രൂപയാണ്. വാട്സാപ്പിലൂടെ ബന്ധപ്പെട്ടു വിശ്വാസ്യതനേടി നാലു പേരിൽനിന്നാണു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തത്.
എം സ്റ്റോക്ക് ട്രേഡിംഗ് കന്പനിയുടെ എം സ്റ്റോക്ക് മിറിയ അസറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്താണ് തോന്നൂർക്കര സ്വദേശിയായ എഴുപത്തിയെട്ടുകാരന്റെ 59,00,000 കവർന്നത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പത്തു ദിവസത്തിനിടെയാണ് 11 ഇടപാടുകളിലൂടെ 11 അക്കൗണ്ടുകളിലേക്കു പണം അയച്ചത്.
വാട്സ്ആപ്പിൽ ചാറ്റ് ചെയ്തും വിവാഹവാഗ്ദാനം നൽകിയും, കോയിൻ ബേസ് ക്രിപ്റ്റോ കറൻസി ഇടപാടുവഴി ട്രേഡിംഗ് നടത്തിയാൽ കൂടുതൽ പണം സന്പാദിക്കാമെന്നു വിശ്വസിപ്പിച്ചാണു വിൽവട്ടം സ്വദേശിയിൽനിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്തത്. ട്രേഡിംഗിനുള്ള പണം യുഎസ്ഡിടി എന്ന ക്രിപ്റ്റോയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഒരുലക്ഷം രൂപയാണ് വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.
ഓണ്ലൈൻജോലി വാഗ്ദാനംചെയ്തു വാട്സ്ആപ്പിൽ ബന്ധപ്പെട്ടവർ വിൽവട്ടം സ്വദേശിയായ യുവതിയുടെയും സുഹൃത്തിന്റെയും പക്കൽനിന്നു തട്ടിയെടുത്തതു 38,87,578 രൂപ. ഗൂഗിൾ മാപ്പിൽ കാണുന്ന റസ്റ്ററന്റുകൾക്കു റിവ്യൂ ചെയ്താൽ ഓരോ ടാസ്കിനും 50 രൂപ വീതം നൽകാമെന്നുപറഞ്ഞാണ് അടുപ്പം സ്ഥാപിച്ചത്.
തുടർന്ന് സീക്സിയോ എന്ന ആപ്ലിക്കേഷൻവഴി ട്രേഡ് ചെയ്താൽ കൂടുതൽ ലാഭം ലഭിക്കുമെന്നും പറഞ്ഞ് യുവതിയുടെയും കൂട്ടുകാരിയുടെയും പണം തട്ടിയെടുക്കുകയായിരുന്നു.
ബി-പ്രഫസർ രാജേഷ്സ് സ്റ്റോക്ക് ഷെയറിംഗ് ഗ്രൂപ്പിൽ ഫോണ്നന്പർ ചേർത്ത് ഓഹരിവ്യാപാരത്തിനുള്ള സഹായം നൽകാമെന്നു വിശ്വസിപ്പിച്ച് വടക്കാഞ്ചേരി സ്വദേശിയുടെ അക്കൗണ്ടിൽനിന്നു കടത്തിയതു 49,30,300 രൂപ.
ട്രേഡിംഗിനെക്കുറിച്ചുള്ള ക്ലാസുകൾ നൽകിയശേഷം മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ പാർട്ട്ണേഴ്സ് ഉദ്യോഗസ്ഥരെന്ന പേരിൽ സമീപിച്ചാണ് പണം തട്ടിയെടുത്തത്.
വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരേ ജാഗ്രത കാണിക്കാൻ തുടങ്ങിയതോടെയാണ് വാട്സ്ആപ്പ് വഴി വിശ്വാസ്യത നേടിയെടുത്ത് കബളിപ്പിക്കലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.