കൊടകര കുഴൽപ്പണ കേസ്; ധർമരാജൻ ചാക്കുമായി എത്തുമെന്ന് അറിയിച്ചതു ഖജാൻജി: തിരൂര്‍ സതീഷ്
Saturday, November 2, 2024 1:14 AM IST
തൃശൂർ: 2021 ഏപ്രില്‍ 23നു രാത്രി 11ന് തെരഞ്ഞെടുപ്പു സാമഗ്രികളുമായി ധർമരാജന്റെ വാഹനമെത്തുമെന്നു ബിജെപി ജില്ലാ ട്രഷറർ അറിയിച്ചെന്നും അതുകൊണ്ടാണു രാത്രി ഏറെ വൈകിയും താന്‍ ഓഫീസില്‍ തങ്ങിയതെന്നും, കൊടകര കുഴൽപ്പണക്കേസിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്.
പതിനൊന്നിനുതന്നെ എത്തിയ വാഹനത്തില്‍നിന്നു തലച്ചുമടായാണ് ചാക്കുകൾ കോണികയറി മുകളിലെത്തിച്ചതെന്നും സതീഷ് പറഞ്ഞു.
ആരു ചോദിച്ചാലും കൊടികളും അരങ്ങും ചിഹ്നങ്ങളുമാണെന്നു പറഞ്ഞാൽ മതിയെന്നാണു പറഞ്ഞിരുന്നത്. മുറിയുടെ ഒരു മൂലയില്‍ നെല്ലു കൂട്ടിയിടുന്നതുപോലെയാണു പണം ചാക്കില്‍നിന്നു തട്ടിയത്. അപ്പോഴാണ് ചാക്കിൽ പണമാണെന്നു മനസിലായത്. ഓരോ കെട്ടുകളായി വേര്‍തിരിച്ച് ചിലര്‍ക്കു കൈമാറിയത് അന്നത്തെ ജില്ലാ ഖജാന്‍ജി ആയിരുന്നു.
തന്റെ കൈയിൽ കൃത്യമായ തെളിവുകളുണ്ടെന്നും സതീഷ് വെളിപ്പെടുത്തി. ഓഫീസില്‍ ജനറല്‍ സെക്രട്ടറിമാര്‍ ഇരിക്കുന്ന മുറിയിലാണു പണം സൂക്ഷിച്ചത്. അതിനു കാവലിരിക്കലായിരുന്നു എന്റെ പ്രധാന പണി.
പണമാണെന്ന് അറിഞ്ഞപ്പോള്‍ പേടി തോന്നി. മുറി പൂട്ടിയാണു പണം സൂക്ഷിച്ചത്. ലോഡ്ജില്‍ മുറിയെടുത്തു കൊടുത്തശേഷം ധര്‍മരാജും മറ്റുള്ളവരും അങ്ങോട്ടു പോവുകയായിരുന്നു. പിറ്റേദിവസമാണ് പണം കൊണ്ടുപോകുന്നതിനിടെ കവര്‍ച്ച ചെയ്യപ്പെട്ട സംഭവം അറിഞ്ഞത്.
ബിജെപിയിൽനിന്നു പുറത്താക്കിയിട്ടില്ല, മാറിനിന്നതാണെന്നു സതീഷ്
തൃശൂർ: തന്നെ പുറത്താക്കിയിട്ടില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളെതുടര്ന്നാണു താൻ പാര്ട്ടിപ്രവര്ത്തനത്തില്നിന്നു മാറിനില്ക്കാന് തീരുമാനിച്ചതെന്നും ബിജെപി മുൻ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്.
സാന്പത്തിക തിരിമറിക്കു പുറത്താക്കപ്പെട്ട ആളാണു സതീഷ് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു സതീഷ്.
ഇത്തവണയും താൻ പാർട്ടി മെംബര്‍ഷിപ്പ് പുതുക്കിയെന്നും സതീഷ് വ്യക്തമാക്കി. ഇന്നു ബിജെപി ഓഫീസില്‍ അഞ്ചു പേര് ചെയ്യുന്ന ജോലി താന്‍ ഒറ്റയ്ക്കാണു ചെയ്തിരുന്നത്. ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തനിക്ക് പതിനായിരം രൂപയാണു തന്നിരുന്നത്. ഇതു വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റിനെ നിരവധിതവണ ബന്ധപ്പെട്ടപ്പോൾ ആയിരം രൂപ വര്‍ധിപ്പിക്കാമെന്നാണു മറുപടി കിട്ടിയത്.
മുളങ്കുന്നത്തുകാവ് കോക്കുളങ്ങരയില് താൻ പണിത വീടിനു കടബാധ്യതയുള്ളതിനാൽ മറ്റൊരു പണിക്കുവേണ്ടി ഒരു മാസത്തെ ലീവിനു പോവുകയായിരുന്നു. അല്ലാതെ, എന്നെയാരും ബിജെപിയിൽനിന്നു പുറത്താക്കിയതല്ല.
എനിക്ക് ആരെങ്കിലും പണം തന്നിട്ടാണു കൊടകര കുഴൽപ്പണക്കേസിലെ വെളിപ്പെടുത്തലെങ്കിൽ, എന്റെ വീടിന്റെ ജപ്തി വേണ്ടിവരില്ലെന്നും മൊഴി മാറ്റിപ്പറയാന്‍ താൻ ആരുടെയും കൈയിൽനിന്നു പണം വാങ്ങിയിട്ടില്ലെന്നും സതീഷ് പറഞ്ഞു.
18-ാം വയസില്‍ ബിജെപിയില്‍ വന്ന വ്യക്തിയാണു ഞാൻ. ബിജെപി കോലഴി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതിര്‍ന്ന എല്ലാ ബിജെപി നേതാക്കളുമായും ബന്ധമുണ്ട്. തന്റെ വിവാഹവാര്ഷികത്തിനു സുരേഷ് ഗോപി വന്നിട്ടുണ്ട്. 2020 മുതല്‍ 2023 വരെ താന്‍ ഓഫീസ് സെക്രട്ടറിയായിരുന്നുവെന്നും സതീഷ് പറഞ്ഞു.
സിപിഎം നേതാവ് എം.കെ. കണ്ണന് പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നു വായ്പയെടുത്ത് സതീഷ് കോക്കുളങ്ങരയിൽ പണിത വീട് ജപ്തി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. 19 ലക്ഷം രൂപയാണു വീടുപണിക്കായി വായ്പയെടുത്തത്. അതിപ്പോൾ 21 ലക്ഷം വരെയായി. പലതവണ ബാങ്കുകാര് ജപ്തിക്കായി വന്നിരുന്നുവെന്നും സതീഷ് പറഞ്ഞു.